10 Jul

കഴിഞ്ഞ ഒന്നര വർഷമായി ചുറ്റിനും നടക്കുന്ന കാര്യങ്ങളിൽ ഏറെയും ദുഃഖം ഉളവാക്കുന്നവയാണ്. ഒരുപാടു സ്നേഹമുള്ളവർ, ബഹുമാനമുള്ളവർ അങ്ങനെ എത്ര പേരാണ് അരങ്ങൊഴിഞ്ഞത്. പലരെയും അവസാനമായി ഒന്ന് കാണാൻ കൂടി കഴിഞ്ഞില്ല. ഇന്ന് രാവിലെയും എത്തി അങ്ങനെ ഒരു വാർത്ത. ഫോണിലേക്കു ഒഴുകിയെത്തിയ ഫോട്ടോ ഉൾപ്പടെയുള്ള ഒരു സന്ദേശത്തിൽ ഞാൻ അറിഞ്ഞു, എത്രയോ വർഷങ്ങളായി പരിചയമായുള്ള ശ്രീ. വിജയൻ നിര്യാതനായി എന്ന കാര്യം. ആ വാർത്ത എന്നെ ഒരുപാടു കാലം പിറകിലേക്ക് നയിച്ചു. ആരായിരുന്നു എനിക്കും എൻ്റെ നാട്ടുകാർക്കും ഈ വിജയൻ എന്ന വ്യക്തി... അദ്ദേഹം ഞങ്ങളുടെ "ആസ്ഥാന തയ്യൽക്കാരൻ” ആയിരുന്നു. എന്നെ സംബന്ധിച്ചടത്തോളം ശ്രീ. വിജയൻ ഒരു മനോഹരമായ ഓർമയാണ്. വീട്ടിലേ ഓരോ പ്രധാനപ്പെട്ട അവസരങ്ങളിലും അദ്ദേഹത്തിന് ഒരു പ്രസക്തി ഉണ്ടായിരുന്നു. ഒരു കല്യാണമായാലും, പുതിയ വർഷമായാലും, ഓണക്കാലമായാലും അദ്ദേഹത്തിൻ്റെ കയ്യൊപ്പു പതിഞ്ഞ വസ്ത്രങ്ങളാണ് ഞങ്ങൾ അണിഞ്ഞിരുന്നത്. 


അച്ഛൻ പറഞ്ഞാണ് ഞാനും വിജയൻ ചേട്ടനിലേക്കു  അടുക്കുന്നത്. ഏറെ കാലം അച്ഛനുള്ള വസ്ത്രങ്ങൾ തയ്ച്ചു നൽകിയിരുന്നത് പ്രിയപ്പെട്ട വിജയൻ ചേട്ടൻ ആയിരുന്നു. എല്ലാ വർഷവും മെയ് മാസം അവസാനം പുതിയ സ്കൂൾ വർഷം ആരംഭിക്കുമ്പോൾ ഞാൻ അദ്ദേഹം തയ്ച്ചു തന്ന യൂണിഫോം ഇട്ടു കൊണ്ടാണ് സ്കൂളിലേക്ക് പോയിരുന്നത്. സ്കൂൾ തുറക്കുന്നതിനു വളരെ മുമ്പ് തന്നെ പുതിയ വസ്ത്രങ്ങൾ തയ്ക്കാനായി അദ്ദേഹത്തെ ഏൽപ്പിച്ചിരുന്നു. അന്ന് ഏറെ തിരക്കുള്ള ആളായിരുന്നു ശ്രീ വിജയൻ. മൂന്നാംകുറ്റിയിൽ ഒരു തയ്യൽകട തന്നെ ഉണ്ടായിരുന്നു അദ്ദേഹത്തിന്. "ഒരുപാടു താമസിക്കല്ലേ ഇപ്രാവശ്യം" എന്ന് പറയുമ്പോൾ "ഇല്ല മോനെ. ഞാൻ സമയത്തിന് എത്തിച്ചോളാം" എന്ന മറുപടിയും തന്നു അളവുമെടുത്തു മടങ്ങും വിജയൻ ചേട്ടൻ. പിന്നെയാണ് ബഹുരസം. അദ്ദേഹത്തെ കണ്ടു കിട്ടാൻ തന്നെ വലിയ പ്രയാസമാണ് . ജെറിയെ തപ്പി നടക്കുന്ന ടോമിനെപ്പോലെ പലരോടും അന്വേഷിക്കും. ഇടയ്ക്കു കാണുമ്പോൾ ഞാൻ അടുത്ത ദിവസം എത്തിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്യും. പക്ഷെ ഒന്നും സംഭവിക്കില്ല. സ്കൂൾ തുറക്കുമ്പോൾ ആദ്യ ആഴ്ചയിൽ മുൻ വർഷത്തെ യൂണിഫോം തന്നെയാണ് പലപ്പോഴും ധരിച്ചിരുന്നത്. ഒരാഴ്ച അല്ലെങ്കിൽ രണ്ടാഴ്ച കഴിയുമ്പോൾ ന്യൂസ്പേപ്പറിൽ പൊതിഞ്ഞു നമ്മൾ കൊടുത്തു വിട്ട അതെ പ്ലാസ്റ്റിക് കവറിൽ പുത്തൻ ഉടുപ്പുകളുമായി വിജയൻ ചേട്ടൻ എത്തും. ചോദിക്കുന്നതിനു മുമ്പ് തന്നെ പറയും "മോനെ, കടുത്ത പനി ആയി കിടപ്പിലായിപ്പോയി, പിന്നെ അല്പം ജോലിത്തിരക്കും. ഇതൊന്നു ഇട്ടു നോക്കിക്കേ". പരിഭവത്തോടെ അത് വാങ്ങി ഇട്ടു നോക്കുമ്പോൾ, ആ തയ്യലിൻ്റെ perfection അനുഭവിക്കുമ്പോൾ എല്ലാ പരാതികളും മാഞ്ഞു പോയിരുന്നു. പിന്നീട് എല്ലാ വർഷവും ഈ കലാപരിപാടി ആവർത്തിച്ചിരുന്നു. 

ഞാൻ എന്ന കുട്ടി വലുതായി കോളേജിലേക്ക് പോയപ്പോഴും ready-made വസ്ത്രങ്ങൾ അണിഞ്ഞപ്പോഴും വിജയൻ ചേട്ടന് തയ്ക്കാനുള്ളവ നൽികിയിരുന്നു. അച്ഛൻ പറഞ്ഞു അമേരിക്കയിലുള്ള അമ്മാവൻ തനിക്കുള്ള ഷർട്ട് തയ്യ്ക്കാൻ വിജയൻ ചേട്ടനെ ഏല്പിക്കുകയും അത് ധരിച്ചു നോക്കി കൊള്ളാമെന്നുള്ള സന്തോഷം പങ്കുവെക്കുകയും ചെയ്തത് ഞാൻ ഓർമ്മിക്കുന്നു. എൻ്റെ ഒരു സീനിയർ അധ്യാപകനും തൻ്റെ pants തയ്പ്പിക്കാനായി അദ്ദേഹത്തെ ഏൽപ്പിച്ചിരുന്നു. അത് പോലെ തന്നെ എത്രയോ പേര് എന്നോട് ചോദിച്ചിരുന്നു, അദ്ദേഹം തയ്ച്ച ഷർട്ടുകൾ കണ്ടിട്ട് അത് ready-made ആണോ എന്നുള്ളത്. 

എൻ്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളിലൊക്കെയും വിജയൻ ചേട്ടൻ തയ്ച്ചു തന്ന വസ്ത്രങ്ങൾ അണിഞ്ഞാണ് നേരിട്ടിട്ടുള്ളത്. എൻ്റെ സ്ക്കൂൾ യൂണിഫോം, കോളേജ് അഡ്മിഷൻ, കോളേജ് ജോലിക്കായുള്ള interview, എൻ്റെ PSC interview, വിവാഹം, അങ്ങനെ ഏതെല്ലാം.. എത്രയോ സന്ദർഭങ്ങൾ… ഈ ഓരോ അവസരങ്ങളിലും അദ്ദേഹം വസ്ത്രങ്ങളിലൂടെ എനിക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്. Mark Twain പറഞ്ഞത് പോലെ “clothes make the man”. എന്നെ ഞാൻ ആക്കിയതിൽ അങ്ങേയ്ക്കും ഒരു വലിയ പങ്കുണ്ടെന്നു  ഞാൻ തിരിച്ചറിയുന്നു. 

പുതിയ രീതികൾ പറയുമ്പോൾ, മാറ്റങ്ങൾ ആവശ്യപ്പെടുമ്പോൾ ഒക്കെയും വിജയൻ ചേട്ടൻ അതൊക്കെ പോസിറ്റീവ് ആയിത്തന്നെ എടുത്തു. Pants-ൻ്റെ   ബെൽ കൂട്ടാനും, കോളറിൻ്റെ ശൈലി മാറ്റാനും, അങ്ങനെ എന്തെല്ലാം കാര്യങ്ങൾ. അലസമായി അളവുകൾ ഒരു പേപ്പറിൽ കുറിക്കുമ്പോൾ ഇതൊക്കെ കേൾക്കുന്നുണ്ടോ എന്ന് തന്നെ നമ്മൾ സംശയിക്കുകയും പക്ഷെ വൈകി ആണെങ്കിലും അത് കൊണ്ട് വരുമ്പോൾ ഈ മാറ്റങ്ങൾ എല്ലാം ഉണ്ടാവുകയും ചെയ്യും. അളവെടുക്കുമ്പോൾ "മോന് വയർ അല്പം കൂടി" ('ഒരുപാട്' എന്ന് പറയാത്തത് അദ്ദേഹത്തിൻ്റെ മാന്യത) എന്ന് സ്നേഹപൂർവം ഉപദേശിക്കുന്ന, ഒരു പ്രത്യേക ശൈലിയിൽ നടക്കുന്ന, തലമുടി എപ്പോഴും ചീകി ഒതുക്കുന്ന വിജയൻ ചേട്ടൻ ഇനി ഒരു ഓർമ മാത്രം. 

സ്വന്തം മക്കളുടെ പേരുകളിലും ഒരു പ്രത്യേകത നൽകി അദ്ദേഹം - ശരം, വിനേക്കർ, ധനു - ഒരു പക്ഷെ അദ്ദേഹത്തിന് എന്നോടുള്ള സ്നേഹം തിരിച്ചറിഞ്ഞിട്ടാകണം, മൂത്ത മകൻ ശരം എന്നെ ഒരു ജ്യേഷ്ഠനെപ്പോലെ കരുതിയിരുന്നു, ഞാൻ അങ്ങോട്ട് അനിയനെപ്പോലെയും. ഏറെക്കാലം ഒരുമിച്ചു ക്രിക്കറ്റ് കളിച്ച ഞങ്ങൾ പക്ഷെ ഇപ്പോൾ കണ്ടിട്ട് കുറച്ചു കാലമായി. അത് കൊണ്ട് തന്നെ, വിജയൻ ചേട്ടൻ്റെ  പിന്നീടുള്ള വിശേഷങ്ങൾ അങ്ങനെ അറിയാറുമില്ലായിരുന്നു. 

കുട്ടിക്കാലത്തെ ഓർമകളിലെ ഒരു വ്യക്തി കൂടി എന്നിൽ നിന്ന് അകന്നിരിക്കുന്നു. ഞങ്ങൾ പള്ളിക്കൽക്കാരുടെ പ്രിയപ്പെട്ട ശ്രീ വിജയൻ അനശ്വരനായിത്തന്നെ എല്ലാക്കാലവും സ്മരണകളിൽ ജീവിക്കും. അച്ഛനിലൂടെ എന്നിലേക്ക്‌ വന്നു ചേർന്ന ഒരു കണ്ണി കൂടി ഇല്ലാതായിരിക്കുന്നു. ഇനി റോഡിൽ വെച്ച് ചിരിച്ച മുഖത്തോടെ കാണാൻ കഴിയില്ല എന്നറിയുമ്പോൾ, പുതിയ വസ്ത്രങ്ങളുടെ ഗന്ധവുമായി വീട്ടിലേക്കു വരില്ല എന്നറിയുമ്പോൾ, ഒരു നഷ്ടബോധം... ഒരുപാട് സ്നേഹം മാത്രം നൽകിയിട്ടുള്ള വിജയൻ ചേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് നിർത്തട്ടെ. പ്രശസ്ത വസ്ത്ര ഡിസൈനർ ആയ വിവിയൻ വെസ്റ്റ്വുഡ്  പറഞ്ഞത്
പോലെ, "എൻ്റെ വസ്ത്രങ്ങൾക്കൊരു കഥയുണ്ട്. അതിനൊരു വ്യക്തിത്വമുണ്ട്, ശൈലിയുണ്ട്, ഉദ്ദേശ്യമുണ്ട്... അത് കൊണ്ട് തന്നെ അത് അനശ്വരമായി മാറുന്നു, കഥകൾ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു..." എൻ്റെ വസ്ത്രങ്ങൾക്കുമുണ്ട് അത്തരം ഒരുപാടു കഥകൾ പറയാൻ...ആ കഥകൾ എനിക്ക് തുന്നി ചേർത്ത് തന്നത് പ്രിയപ്പെട്ട വിജയൻ ചേട്ടനും.

 സ്നേഹപൂർവ്വം 

 രഞ്ജിത്ത് കൃഷ്ണൻ കെ ആർ

Comments
* The email will not be published on the website.