കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്നിട്ടുള്ളൊരു ചോദ്യമാണ്, "വലുതാകുമ്പോൾ ആരാകാനാണ് ഇഷ്ടം?" ഒറ്റക്കുള്ളപ്പോഴും ഒരുപാട് പേരുള്ള വേദികളിലും പലരിൽ നിന്നും ഈ ചോദ്യം ഞാൻ നേരിട്ടിട്ടുണ്ട്. ഞാൻ മാത്രമല്ല എന്നെപ്പോലെ ഒരുപാട് പേര് എന്ന് പറയുന്നതാകും ശരി. എന്റെ കസിൻസൊക്കെ 'ഡോക്ടർ', 'എഞ്ചിനീയർ' എന്ന വാക്കുകൾ പറയുമ്പോഴും എന്റെ മറുപടി "തീരുമാനിച്ചില്ല, കുറച്ച് നാൾ കൂടി കഴിയട്ടെ" എന്നൊക്കെപ്പറഞ്ഞുള്ള ഒരു ഒഴിഞ്ഞുമാറൽ ആയിരുന്നു. കാലമൊരുപാട് മാറിയെങ്കിലും ഇന്നും പല വേദികളിലും കൊച്ചു കുട്ടികളോട് ഉയരുന്ന പ്രധാന ചോദ്യമായി ഇപ്പോഴും അത് തുടരുന്നുണ്ട്. കുട്ടിക്കാലത്ത് വിചിത്രമായ പല ആഗ്രഹങ്ങളും നമുക്ക് ഉണ്ടാകാറുണ്ട്. എന്റെ ഒരു സുഹൃത്തിന് 'ആനക്കാരൻ' ആകണമെന്നായിരുന്നു ആഗ്രഹം, മറ്റൊരാൾക്ക് 'പടയാളി', 'കാളവണ്ടിക്കാരൻ', അങ്ങനെ പലതും. സ്കൂളിലുണ്ടായിരുന്ന എന്റെ പല സുഹൃത്തുക്കൾക്കും അക്കാലത്ത് 'പോലീസ്' ആകാനായിരുന്നു ഇഷ്ടം. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഒരു 'ഡ്രൈവർ' ആകണമെന്നതായിരുന്നു ആഗ്രഹം. ഇതേ മോഹം ഉള്ളിൽ കൊണ്ട് നടക്കുന്ന അനേകം പേരെ ഞാൻ അക്കാലത്ത് കണ്ടിരുന്നു. 'ഡ്രൈവിംഗ്' എന്ന കല എന്നെ അത്ര മാത്രം ആകർഷിച്ചിരുന്നു. സ്കൂൾ ബസ് ഓടിച്ചിരുന്ന 'അപ്പച്ചൻ', private/KSRTC ബസുകളിലെ ഡ്രൈവർമാർ, കാറുകൾ ഓടിച്ചിരുന്നവർ, അങ്ങനെ പലരും എനിക്കന്നു 'heroes' ആയിരുന്നു.
ഡ്രൈവിങ്ങിൽ എന്റെ ഗുരുവായുള്ളത് അച്ഛൻ തന്നെയാണ്. ടെമ്പോ ലോറി, അംബാസിഡർ ഒക്കെ നിഷ്പ്രയാസം ഓടിച്ചിരുന്ന അച്ഛന്റെ ഡ്രൈവിംഗ് ശൈലി കാണാൻ തന്നെ രസമായിരുന്നു. എന്റെ പതിനൊന്നാമത്തെ വയസ്സിലാണ് അച്ഛൻ എനിയ്ക്കു കാറിന്റെ സ്റ്റിയറിംഗ് ആദ്യമായി തരുന്നത്. പിന്നീട് ഗുരുസ്ഥാനത്തുള്ളത് മൂന്നു പേരാണ്. വീട്ടിലെ അംബാസിഡർ കാർ ഓടിച്ചിരുന്ന 'വെട്ടിക്കോടൻ' എന്നറിയപ്പെട്ടിരുന്ന ഗോപാലകൃഷ്ണൻ ചേട്ടൻ, മൂന്നാംകുറ്റിയിൽ ടാക്സി ഓടിച്ചിരുന്ന രാമകൃഷ്ണൻ ചേട്ടൻ, ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഡ്രൈവിംഗ് പൊടി തട്ടിയെടുക്കാൻ എന്നെ സഹായിച്ച സുമിച്ചേച്ചി. ഏറ്റവും രസകരമായ കാര്യം, ഞങ്ങൾക്ക് രണ്ട് പേർക്കും അത്ര ധൈര്യമില്ലാതിരുന്ന കാലത്താണ് രണ്ടും കല്പിച്ച് ഡ്രൈവിംഗ് പഠനം പുനരാരംഭിച്ചത്. അന്യോന്യം ധൈര്യം പകർന്ന്, രസകരമായ അനുഭവങ്ങളിലൂടെ ഞങ്ങൾ മുന്നോട്ട് നീങ്ങി. ഞങ്ങൾ നടത്തിയ സാഹസിക യാത്രകളെക്കുറിച്ച് മറ്റൊരിക്കൽ എഴുതാമെന്ന് വിചാരിക്കുന്നു.
എല്ലാക്കാലത്തും ഡ്രൈവിങ്ങിൽ എന്റെ ഹീറോ ആയിരുന്നു രാമകൃഷ്ണൻ ചേട്ടൻ. അദ്ദേഹം, വിക്രമൻ പിള്ള ചേട്ടൻ, അച്യുതൻ പിള്ള ചേട്ടൻ, ശിവൻ കുട്ടി ചേട്ടൻ, രഘു ചേട്ടൻ, തുടങ്ങിയവരുടെ അംബാസിഡർ ടാക്സി കാറുകളാൽ സമ്പന്നമായിരുന്നു അക്കാലത്ത് ഞങ്ങളുടെ മൂന്നാംകുറ്റി ജംഗ്ക്ഷൻ. വീട്ടിലേ യാത്രകൾക്ക് ഞങ്ങൾ കൂടുതൽ സമയവും വിളിച്ചിരുന്നത് രാമകൃഷ്ണൻ ചേട്ടനെയാണ്. ഏഴും, ഒൻപതുമൊക്കെ ആൾക്കാരെ കുത്തി നിറച്ചുള്ള യാത്രകൾ രസകരമായിരുന്നു. വിവാഹങ്ങളിൽ, മരണാന്തര ചടങ്ങുകളിൽ ഒക്കെ പങ്കെടുക്കാനായും, ബന്ധു വീടുകളിലേക്കും, ക്ഷേത്ര ദർശനത്തിനായുമൊക്കെ ഞങ്ങളെ കൊണ്ട് പോയിരുന്നത് രാമകൃഷ്ണൻ ചേട്ടനാണ്. പല യാത്രകൾ ആരംഭിക്കുമ്പോഴും മൂന്നോ, നാലോ ഓഡിയോ കാസ്സറ്റുകൾ എന്റെ കൈവശം കരുതുമായിരുന്നു. അവയൊക്കെ കാറിലെ ടേപ്പ് റെക്കോർഡറിൽ 'play' ചെയ്തു കേൾക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം. ഒരു മടിയും കൂടാതെ രാമകൃഷ്ണൻ ചേട്ടൻ പാട്ടുകൾ ഇട്ടു തന്നിരുന്നു. മണ്ഡലകാലം തുടങ്ങിയാൽ രാമകൃഷ്ണൻ ചേട്ടനെ കണ്ടു കിട്ടുക എന്നത് വലിയ പ്രയാസമായിരുന്നു കാരണം മിക്കവാറും എല്ലാ ദിവസവും അദ്ദേഹത്തിന് ശബരിമല യാത്ര ഉണ്ടാകുമായിരുന്നു. എന്റെ കന്നിമല യാത്രയും അദ്ദേഹത്തിന്റെ കാറിൽ അച്ഛനോടും അളിയനമ്മാവൻ എന്ന് ഞാൻ വിളിച്ചിരുന്ന ശ്രീ. കേശവ കുറുപ്പിനോടൊപ്പവുമായിരുന്നു.
വളരെ വേഗത്തിലാണ് രാമകൃഷ്ണൻ ചേട്ടൻ തന്റെ അംബാസിഡർ കാർ ഓടിച്ചിരുന്നത്. ഒരിക്കൽ പോലും എന്റെ ഓർമയിൽ ഒരു അപകടവും അദ്ദേഹം വരുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ഡ്രൈവിംഗ് ശൈലി എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു. അനായാസമായിട്ടാണ് സ്റ്റീയറിങ്ങിലൂടെ അദ്ദേഹം കൈകൾ ചലിപ്പിക്കുക. മിക്കപ്പോഴും വിചാരിക്കുന്ന സമയത്തിന് മുമ്പ് അദ്ദേഹം നമ്മളെ അവിടെ എത്തിച്ചിരിക്കും. എന്റെ അനിയൻ അവിനാഷ് കുഞ്ഞായിരിക്കുമ്പോൾ അവന്റെയും ഹീറോ രാമകൃഷ്ണൻ ചേട്ടൻ ആയിരുന്നു. എന്റെ അമ്മ (അവിനാഷിന്റെ വല്യമ്മ) അവന് ചോറ് കൊടുക്കുമ്പോൾ അത് കഴിക്കുന്നത് ഈ ഭക്ഷണമെല്ലാം "രാമകൃഷ്ണൻ അപ്പൂപ്പനും ഇഷ്ടമാണ്" എന്ന് പറഞ്ഞിട്ടാണ്. ഒരിക്കൽ ഉച്ചക്ക് രണ്ട് മണിക്ക് പാലക്കാടു നിന്ന് യാത്ര ആരംഭിച്ച ഞങ്ങൾ വൈകുന്നേരം അഞ്ച് മണി ആയപ്പോൾ പള്ളിക്കൽ എത്തിയെന്നു അവിടെയുള്ള വല്യച്ഛനെ വിളിച്ചറിയിച്ചപ്പോൾ "നിങ്ങൾ ഫ്ലൈറ്റിലാണോ തിരികെപ്പോയത്"? എന്നായിരുന്നു ചോദ്യം. അങ്ങനെ എക്കാലത്തും എന്നെ വിസ്മയിപ്പിച്ച ആളാണ് രാമകൃഷ്ണൻ ചേട്ടൻ.
എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളിലൊക്കെയും മറ്റ് പലരെയും പോലെ രാമകൃഷ്ണൻ ചേട്ടനും ഭാഗമായിട്ടുണ്ട്. ആദ്യ ശബരിമല യാത്ര, ജോലിക്കായുള്ള 'appointment order' മേടിക്കാനുള്ള യാത്ര, എന്റെ വിവാഹം അങ്ങനെ എത്ര കാര്യങ്ങൾ. രാജി എന്റെ ജീവിതത്തിലേക്ക് വന്നപ്പോഴും, ഞങ്ങൾക്ക് അച്ചു ജനിച്ചപ്പോൾ അവളെയും കൊണ്ടുള്ള ആദ്യ യാത്രയിലും ഒരു നിയോഗം പോലെ അദ്ദേഹവും പങ്കാളിയായി. ഇന്നിപ്പോൾ അച്ചുവിനും അദ്ദേഹം രാമകൃഷ്ണൻ അപ്പൂപ്പനാണ്. അമ്മയ്ക്കൊരു 'treatment' ആവശ്യമായി വന്നപ്പോഴും രാമകൃഷ്ണൻ ചേട്ടനായിരുന്നു അച്ഛനോടൊപ്പം ആ യാത്രകളിൽ സാരഥിയായത്. കോളേജിലും മറ്റ് പല വേദികളിലും എന്നെയും എന്റെ ഒപ്പമുള്ള വിനോദ് സാറിനെയുമൊക്കെ സ്നേഹത്തോടെ ഞങ്ങളുടെ ഡ്രൈവിങ്ങിനോടുള്ള ഇഷ്ടത്തെക്കുറിച്ചും ഓടിക്കുന്ന വാഹനങ്ങളുടെ സ്പീഡിന്റെ പേരിലുമൊക്കെ പലരും കളി പറയുമ്പോൾ അതിലും എന്നെ ഏറെ സ്വാധീനിച്ചത് രാമകൃഷ്ണൻ ചേട്ടൻ തന്നെയാണ് എന്ന് ഞാൻ തിരിച്ചറിയുന്നു. ഒരുപാട് നാളിന് ശേഷം ഈ ഓണക്കാലത്ത് രാമകൃഷ്ണൻ ചേട്ടനെ സന്ദർശിക്കാനുള്ള ഭാഗ്യം ഉണ്ടായി...അഞ്ച് പതിറ്റാണ്ടോളം ഡ്രൈവിങ്ങിൽ സീറ്റിലിരുന്ന ചേട്ടൻ ഇന്ന് സന്തോഷത്തോടെ സമാധാനത്തോടെ വിശ്രമജീവിതം നയിക്കുന്നു. എന്റെ കുട്ടിക്കാലം മനോഹരമാക്കിയ ഞങ്ങളുടെ സ്വന്തം മൈക്കൽ ഷൂമാക്കറിന്, ഡ്രൈവിംഗ് എന്ന കലയോട് അപാരമായ ഇഷ്ടമുണ്ടാക്കിത്തന്നതിന്, മണിസാറിന്റെ (അച്ഛന്റെ) പ്രിയപ്പെട്ട സാരഥി ആയതിന്....ഒരുപാട് സ്നേഹം, നന്ദി.
സ്നേഹപൂർവ്വം
രഞ്ജിത്ത് കൃഷ്ണൻ