26 Sep


ജീവിതത്തിൽ ഏറ്റവും സങ്കടം തോന്നിയ ദിവസങ്ങളിലൊന്ന്... ഞാനും രാജിയും ഇന്ന് സംസാരിച്ചതുപോലും കുറവാണ് കാരണം സ്വന്തം കുടുംബത്തിലെ ഒരംഗം ഇല്ലാതെ ആയ പോലെ ഒരു തോന്നൽ. അമ്മ പറഞ്ഞിട്ടുണ്ട്, കുട്ടിക്കാലത്തു "ശങ്കരാഭരണം" കാണാൻ എന്നെയും കൊണ്ട് തിയേറ്ററിൽ പോയ കഥ. സിനിമ തുടങ്ങിയത് മുതൽ ഞാൻ നിർത്താതെ കരച്ചിലായിരുന്നു അത്രേ. പക്ഷെ അന്ന് ഞാൻ അറിഞ്ഞില്ല ആ സിനിമയിലെ  എല്ലാ ഗാനങ്ങളും പാടിയ മനുഷ്യൻ പിന്നീട് എൻ്റെ ജീവിതത്തിൻ്റെ തന്നെ ഭാഗമാകുമെന്ന്. അതെ, സാക്ഷാൽ എസ് പി ബാലസുബ്രഹ്മണ്യം.

നോട്ടത്തിലും വാക്കുകളിലും പ്രവർത്തിയിലും കുസൃതി നിറച്ച മഹാപ്രതിഭ ആയിരുന്നു SPB. എന്നെയും എൻ്റെ തലമുറയെയും തമിഴ് സിനിമ ഗാനങ്ങളിലേക്കു അടുപ്പിച്ചത് ഇദ്ദേഹവും ഇളയരാജയുമാണ് എന്ന് നിസ്സംശയം പറയാൻ കഴിയും. ഗായകൻ, സംഗീത സംവിധായകൻ, നടൻ അങ്ങനെ എത്ര വേഷങ്ങൾ. വിവിധ ഭാഷകളിലായി ഒട്ടനേകം ഗാനങ്ങൾ. "സലങ്കയ് ഒലി" (മലയാളത്തിലെ "സാഗരസംഗമം") എന്ന ചിത്രത്തിലെ 'മൗനമാന നേരം" (മൗനം പോലും മധുരം), 'വാൻ പോലെ വണ്ണം' (വാർമേഘ..) എന്ന ഗാനങ്ങൾ ആണ് കുട്ടിക്കാലത്തു എന്നെ അദ്ദേഹത്തിലേക്കു ആകർഷിച്ചത്. പിന്നെ എസ് ജാനകിയോടൊപ്പം പാടിയ 'തുള്ളി തുള്ളി നീ പാടമ്മ...'.  ഈ ഗാനത്തിൽ  'മന്നവൻ ഉന്നെ  മറന്തതെന്ന'  എന്ന വരിയിലൂടെ SPB ശ്രോതാക്കളെ മറ്റൊരു ലോകത്തേക്കാണ് കൊണ്ട് പോയത്.

'വാ വെണ്ണിലാ ഉന്നെ താനേ' ("മെല്ലെ തിറന്തതു കതവ്"), ലത മങ്കേഷ്‌കറോ ടൊപ്പം പാടിയ 'വളയോസെ കല കലവേണ' ("സത്യ") തുടങ്ങിയ പാട്ടുകളിലൂടെ അദ്ദേഹം ഏറെ പ്രിയങ്കരനായി മാറി.     പിന്നെ എൻ്റെ എക്കാലത്തെയും  favourites എന്ന് പറയാവുന്ന ഗാനങ്ങൾ. 'നിലാവേ വാ സെല്ലാദേ വാ' ("മൗനരാഗം") എന്ന വരികൾ പാടുമ്പോൾ എല്ലാം മറന്നു ലയിച്ചിരിക്കുന്ന ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട്.  അതിനും മുകളിൽ നിൽക്കുന്നു എന്ന് ഞാൻ കരുതുന്ന എൻ്റെ  സ്വന്തം പ്രണയഗാനം,  'പച്ച മലപ്പൂവ് നീ ഉച്ചിമല തേന്' ("കിഴക്കു വാസൽ").. ഈ പാട്ടിൽ 'കാട്രോട് മലരാട്, കാർകുഴലാട്';  'സിത്തിരത്ത് സോല മുത്തുമണി മാല' എന്നൊക്കെ അദ്ദേഹം പാടുമ്പോൾ പ്രണയം ഇങ്ങനെ കൈക്കുമ്പിളിൽ കൊണ്ടുതരുന്ന പോലെ തോന്നും.'മാങ്കുയിലെ പൂങ്കുയിലേ' ("കരകാട്ടക്കാരൻ")എന്ന് നാടൻ ശീലിൻ്റെ രീതിയിൽ പാടിയപ്പോൾ 'ഇളയനിലാ പൊഴിഗിറതെ' മറ്റൊരു ശൈലിയിൽ ആണ് പാടിയിരിക്കുന്നത്. ദളപതിയിൽ 'സുന്ദരി കണ്ണാൽ ഒരു സെയ്‌ദി', കർണയിലെ 'മലരേ മൗനമാ’, ‘അടുക്കു മല്ലി എടുത്തു വെച്ച്’ ("ആവാരംപൂ"), 'ആലപ്പോൽ വേലപ്പോൽ' ("യജമാൻ"), ശ്വാസം വിടാതെ പാടി ശ്രോതാക്കളെ ഞെട്ടിച്ച 'മണ്ണിൽ ഇന്ത കാതൽ' ("കേളടി കണ്മണി") എന്ന ഗാനങ്ങൾ പ്രണയത്തെ അനശ്വരമാക്കിയവയാണ്. 'സുന്ദരി കണ്ണാൽ' എന്ന പാട്ടിലെ "നാൻ  ഉന്നൈ  നീങ്ക  മാട്ടേൻ, നീങ്കിനാൽ തൂങ്ക  മാട്ടേൻ, സേർന്തതേ നാം ജീവനെ", 'മലരേ മൗനമാ' എന്ന പാട്ടിലെ  'പാതി ജീവൻ കൊണ്ട് ദേഗം വാഴ്ന്തു വന്തതോ ദേഗം' തുടങ്ങിയ വരികൾ എത്ര കേട്ടാലും നമുക്ക് മടുക്കില്ല. ശോകഗാനങ്ങൾ പാടാനും അദ്ദേഹത്തിന് ഒരു പ്രത്യേക സിദ്ധി ഉണ്ടായിരുന്നു. “ചിന്നത്തമ്പി”യിലെ 'കുയിലേ പുടിച്ചു', “കിഴക്കു വാസലി”ലെ  'പാടി പറന്ത കിളി' ,” റോജ”യിലെ 'കാതൽ റോജാവേ', തുടങ്ങിയ ഗാനങ്ങൾ ചില ഉദാഹരണങ്ങൾ മാത്രം.

ഒരു പക്ഷെ രജനികാന്ത് എന്ന സ്റ്റാറിനെയും എന്നിലേക്ക്‌ അടുപ്പിച്ചത് SPB തന്നെയാകണം. രജനികാന്ത് ചിത്രങ്ങളിലെ അദ്ദേഹത്തിൻ്റെ അവതരണ ഗാനങ്ങൾ (introduction songs) മിക്കവാറും പാടിയിരുന്നത്  SPB ആയിരുന്നു - ഒരു രാശി പോലെ. 'നാൻ ഓട്ടോക്കാരൻ' ("ബാഷ"), 'ഒരുവൻ ഒരുവൻ മുതലാളി' ("മുത്തു"), 'അതാണ്ട ഇതാണ്ട അരുണാചലം നാൻ താൻടാ' ("അരുണാചലം"), ‘എൻ പേര് പടയപ്പാ’,  'ദേവുഡ, ദേവുഡ ഏഴുമലൈ ദേവുഡ' ("ചന്ദ്രമുഖി")
അങ്ങനെ എത്ര ഗാനങ്ങൾ.

ഭക്തി നിറച്ച പാട്ടുകൾ ശങ്കരാഭരണകാലം മുതൽ തന്നെ അദ്ദേഹം ഗംഭീരമാക്കിയിരിന്നു (ലിംഗാഷ്ടകം മാത്രം ഉദാഹരണം). “കേളടി കണ്മണി”, “കാതലൻ” തുടങ്ങിയ അനേകം ചിത്രങ്ങളിൽ അഭിനയം കൊണ്ടും നമ്മളെ അദ്ദേഹം വിസ്മയിപ്പിച്ചു.

എ ആർ റഹ്മാൻ എത്തിയപ്പോഴും SPB തിളങ്ങി തന്നെ നിന്നു. 'എൻ വീട്ടു തോട്ടത്തിൽ പൂവെല്ലാം' (Gentleman), 'അഞ്ജലി അഞ്ജലി പുഷ്പാഞ്ജലി' (Duet), 'എറാനി കുറത്താണി ഗോപാല' ("കാതലൻ"), 'ഓടക്കാര മാരിമുത്തു' ("ഇന്ദിര"), 'മായാ മച്ചീന്ദ്ര' ("ഇന്ത്യൻ"), 'അഴഗാന രാക്ഷസിയെ' ("മുതൽവൻ") - എല്ലാം മനോഹരമായ ഗാനങ്ങൾ. 

"നീരാഗ നാൻ  ഇരുന്താൽ, ഉൻ നെത്തിയിലെ  നാൻ  ഇറങ്കി, കൂറാന  ഉൻ  നെഞ്ചിൽ, കുതിച്ച്‌  അങ്ക കുടി  ഇരുപ്പെൻ" ('അഴഗാന...') എന്ന് SPB പാടുമ്പോൾ നമ്മൾ പോലും അറിയാതെ അതിനൊപ്പം എത്തും.ഹിന്ദിയിലും അദ്ദേഹം അദ്‌ഭുതങ്ങൾ സൃഷ്ടിച്ചു. 'തേരെ മേരെ ബീച്ച് മേം', 'ദിൽ ദീവാന', 'ദിദി തേര ദേവർ ദീവാന', 'ഹം ബനെ തും ബനെ', "സാജൻ" എന്ന ചിത്രത്തിലെ ഗാനങ്ങൾ, എല്ലാം ഇന്നും evergreen ആയി നിൽക്കുന്നവയാണ്. 'തേരെ മേരെ ബീച്ച് മേം' എന്ന ഗാനത്തിൽ "ഓഹോ, അപ്പിടിയാ" എന്ന് കമലഹാസന് വേണ്ടി എത്ര രസകരമായാണ് പറഞ്ഞിരിക്കുന്നത്.

മലയാളത്തിലെ 'താരാപഥം ചേതോഹരം', 'പാൽനിലാവിലെ പവനിതൾ', 'ഊട്ടിപ്പട്ടണം..', 'നെഞ്ചിൽ കഞ്ചബാണം', ‘കാക്കാല കണ്ണമ്മ’,’ സ്വർണ മീനിൻ്റെ’,  ആദ്യ മലയാള ഗാനമായ 'ഈ കടലും..’  ഒക്കെ ഇന്നും പ്രിയപ്പെട്ടതായി തുടരുന്നു.  

എഴുത്തിനു അല്പം നീളം കൂടിപ്പോയി എന്നറിയാം. അത് മറ്റൊന്നും കൊണ്ടല്ല. ഏറെ പ്രിയപ്പെട്ടവരേ കുറിച്ചാകുമ്പോൾ അങ്ങനെ നീണ്ടു പോകും. അവസാനമായി അദ്ദേഹത്തെ കാണുന്നത് കോയമ്പത്തൂരിൽ വെച്ച് നടന്ന റഹ്മാൻ ഷോ ആയ 'നെഞ്ചേ ഏഴ്' എന്ന പ്രോഗ്രാമിനാണ്.  Improvisation എന്നതിൻ്റെ master ആണ് SPB. അന്നും അതിനു മാറ്റമൊന്നും ഉണ്ടായില്ല. “മുത്തു” എന്ന ചിത്രത്തിലേ 'ഒരുവൻ ഒരുവൻ' എന്ന ഗാനത്തിൻ്റെ അവസാന ഭാഗത്തെ വരികൾ ഇങ്ങനെയാണ്..'മൊട്ടുകൾ മെല്ല  തിരക്കുമ്പോത് മുത്ത്  മുത്തു  എങ്കിരതെ' - എന്നാൽ അന്ന് അദ്ദേഹം പാടിയത് 'മൊട്ടുകൾ മെല്ല  തിരക്കുമ്പോത് ബാലു  ബാലു എങ്കിരതെ' എന്നാണ്. നിർത്താതെയുള്ള കരഘോഷം ആയിരുന്നു അതിൻ്റെ  ഫലം. സ്വതവേ മിതഭാഷിയും നാണംകുണുങ്ങിയും ആയ റഹ്മാനെ കൊണ്ടും അന്ന് അദ്ദേഹം പ്രണയത്തെ കുറിച്ച് സംസാരിപ്പിച്ചു, ഒപ്പം 'ഉഴവൻ' എന്ന ചിത്രത്തിലെ ഗാനമായ 'പെണ്ണല്ല പെണ്ണല്ല ഊതാപ്പൂ, ശിവന്ദ കണ്ണങ്ങൾ റോസാപൂ' ആലപിക്കുകയും ചെയ്തു.

അങ്ങനെ ഒന്നോ നൂറോ കുറിപ്പുകളിൽ ഒതുക്കാൻ കഴിയുന്നതല്ല അദ്ദേഹത്തിൻ്റെ സംഗീതസപര്യ എന്ന് ഞാൻ തിരിച്ചറിയുന്നു… ഇത് ഒരു ആരാധകൻ്റെ എളിയ പ്രണാമമായി  മാത്രം കണ്ടാൽ മതി.

ഒരു ആയുസ്സിലേക്കുള്ള ഓർമകളും ഗാനങ്ങളും ബാക്കിവെച്ചു ശ്രീ എസ് പി ബാലസുബ്രഹ്മണ്യം വിട വാങ്ങുമ്പോൾ ഒരു വിങ്ങൽ, ഒരു നഷ്ടബോധം...'ശങ്കരാ നാദശരീരാ പരാ' എന്ന ഗാനത്തിൻ്റെ  അവസാന ഭാഗം എഴുതിക്കൊണ്ടു നിർത്തട്ടെ...

പറവശാന സിര സുവുഗംഗ 

ധാരാകു ജാരീനാ ശിവഗംഗ  

നാ ഗാനലഹരിനു മുനുഗംഗ

ആനന്ദ വൃഷ്ടിനെ തടവങ്ക...

(എൻ്റെ ഗാനത്തിൽ ആകൃഷ്ടനായി ആനന്ദാധിക്യത്താൽ നീ ശിരസ്സ് കുലുക്കി, പവിത്രയായ ഗംഗ ആ ശിരസ്സിലേക്കും പിന്നെ ഭൂമിയിലേക്കും ആഴത്തിൽ പതിച്ചു. നീ എൻ്റെ ഗാനത്തിൽ ലയിച്ചിരുന്നപ്പോൾ ഞാൻ അങ്ങയുടെ അനുഗ്രഹവർഷത്തിൽ ആനന്ദിച്ചു യാത്രയായി)  

Miss You Legend….

സ്നേഹപൂർവ്വം


രഞ്ജിത്ത് കൃഷ്ണൻ

Comments
* The email will not be published on the website.