
ഓർമ്മകൾ പലപ്പോഴും അപ്രതീക്ഷിത അതിഥികളെപ്പോലെയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷങ്ങളിൽ അവരെത്തുകയും നമ്മളെ അദ്‌ഭുതപ്പെടുത്തുകയും ചെയ്യും. ഇന്ന് കേരള സർവകലാശാലയിൽ ഒരു മീറ്റിംഗിന്റെ ഭാഗമായി പോയപ്പോൾ അത്തരത്തിലൊരു അനുഭവമുണ്ടായി. പിജി വിദ്യാർത്ഥിയായിരിക്കുമ്പോൾത്

അവിടെയുള്ള പ്രിയപ്പെട്ടവരിൽ ഏറ്റവും അടുപ്പണ്ടായിരുന്ന ഒരു വിഭാഗമാണ് ലൈബ്രറിയിലെ security staff ആയിട്ടുള്ള ചേട്ടന്മാർ. അവരെയാണ് അങ്ങോട്ടുള്ള യാത്രയിൽ ആദ്യവും അവസാനവും കണ്ടിരുന്നത്. തിരുവനന്തപുരത്തുള്ളവരും, കൊല്ലം, ഓച്ചിറ, കായംകുളം സ്വദേശികളുമൊക്ക ഉണ്ടായിരുന്നു അവിടെ. ആദ്യമൊക്കെ ID കാർഡ് ചോദിച്ചിരുന്ന ആൾക്കാർ പിന്നീട് ഒരു ചിരിയിലൂടെയാണ് ഞങ്ങളെ സ്വാഗതം ചെയ്തിരുന്നത്. അല്പനാൾ കഴിഞ്ഞപ്പോൾ അത് കുശലാന്വേഷണങ്ങളായി മാറി. അവിടെയും ക്യാന്റീനിലും പുറത്ത് വെച്ചുമൊക്കെ കാണുമ്പോൾ ഞങ്ങളോട് ജോലിയെക്കുറിച്ചും പ്രബന്ധ സമർപ്പണത്തെക്കുറിച്ചുമൊക്കെ ചോദിച്ചിരുന്നു അവരെല്ലാവരും. പുസ്തകങ്ങളുമായി പുറത്തിറങ്ങുമ്പോൾ ചെറിയ കാർഡുകൾ തിരികെ വാങ്ങി പുഞ്ചിരിയും സമ്മാനിച്ചു ഞങ്ങളെ യാത്രയാക്കിയിരുന്നു അവരിൽ പലരും. ഒരിക്കൽ അച്ചുവിനെക്കൂടി കൊണ്ട് പോയപ്പോൾ അന്നത്തെ സെക്യൂരിറ്റി ചേട്ടൻ അവൾക്കു കൊടുത്ത 'പ്രിവിലേജ്' മറക്കാൻ കഴിയില്ല. കോവിഡ് കാലത്തിനു ശേഷം അത്ര കൃത്യമായി ലൈബ്രറിയിൽ പോകാൻ കഴിഞ്ഞിരുന്നില്ല എന്നാലും പോകുമ്പോഴൊക്കെയും ഞങ്ങൾ ആ പഴയ മുഖങ്ങളെ തേടിയിരുന്നു. അന്വേഷിച്ചപ്പോൾ അവരിൽ ഏറെപ്പേരും വിരമിച്ചു എന്നറിഞ്ഞു. എന്നാലിന്ന് ഉച്ചഭക്ഷണത്തിനായി സർവകലാശാല ക്യാന്റീനിൽ ചെന്നപ്പോൾ ഒരു മീശക്കാരൻ എന്നോട് ചോദിച്ചു, "ഊണ് കഴിക്കാനാണോ...." ഞാൻ പറഞ്ഞു "അതെ". എങ്കിൽ ഇവിടെ ഇരിക്കാം എന്നദ്ദേഹം. "നിങ്ങൾ ഒന്ന് നോക്കിയിരുന്നെങ്കിൽ ഒരു സലാം തരാമെന്ന് കരുതി", അദ്ദേഹം കൂട്ടിച്ചേർത്തു. പെട്ടെന്നെനിക്ക് ആളെ മനസ്സിലാക്കാൻ കഴിഞ്ഞില്ല പക്ഷെ ആ രൂപം, മീശ ഒക്കെ എനിക്ക് പരിചയമുണ്ട്. "യൂണിവേഴ്സിറ്റി ലൈബ്രറി", അദ്ദേഹം വീണ്ടും പറഞ്ഞു. എനിക്കതൊരു വെളിപാടായിരുന്നു. മീശ നരച്ചതിനാലും, ആളല്പം ക്ഷീണിച്ചതിനാലും എനിക്ക് പെട്ടെന്ന് മനസ്സിലായില്ല. അവിടുത്തെ സ്റ്റാഫ് അംഗങ്ങളിൽ ഒരാളായിരുന്ന പദ്മകുമാർ ചേട്ടനായിരുന്നു അത്. പല ഓർമ്മകൾ, കഥകൾ, ഞങ്ങൾ ഒരുമിച്ച് ഊണ് കഴിച്ചു. പൈസ ഞാൻ കൊടുക്കാം കാരണം എനിക്കതൊരു സന്തോഷമാണെന്ന് പറഞ്ഞപ്പോൾ എനിക്കും സന്തോഷം വേണ്ടേ എന്ന് ചോദിച്ചുകൊണ്ട് സ്വന്തം പോക്കറ്റിൽ നിന്നും അദ്ദേഹം പൈസ കൊടുത്തു. ഒരു ഫോട്ടോ എടുത്താലോ എന്ന ചോദ്യത്തിന്, ഇത് ഞാൻ അങ്ങോട്ട് പറയാൻ തുടങ്ങുകയായിരുന്നു എന്ന് ചേട്ടൻ. രാജിയുടെയും അച്ചുവിന്റെയും ചിത്രങ്ങൾ അദ്ദേഹത്തെ കാണിച്ചപ്പോൾ അവരെയൊക്കെ അന്വേഷണം അറിയിക്കാൻ പറഞ്ഞു. പദ്മകുമാർ ചേട്ടനും ഒപ്പം അദ്ദേഹത്തെ പോലെയുള്ള സ്നേഹത്തോടെ മാത്രം സംസാരിച്ചിട്ടുള്ള എല്ലാവർക്കും കൂടി അവകാശപ്പെട്ടതാണ് ഞങ്ങളുടെ രണ്ടാളുടെയും 'Ph. D.' ഡിഗ്രി. ആ ലൈബ്രറിയിലെ ഒരുപാട് പേരുടെ സഹായം ഞങ്ങൾക്കുണ്ടായിട്ടുണ്ട്. അവരെക്കുറിച്ചൊക്കെ മറ്റൊരിക്കൽ എഴുതാം എന്ന് വിചാരിക്കുന്നു. ഒരുപാട് വർഷങ്ങൾ പുറകിലേക്ക് കൊണ്ട് പോയതിന്, സ്നേഹത്തിന്റെ മാധുര്യമെന്താണെന്ന് ഒരിക്കൽ കൂടി അനുഭവിപ്പിച്ചതിന് പദ്മകുമാർ ചേട്ടന് നന്ദി, ആദരം. ഇനിയും കാണാൻ കഴിയട്ടെ എന്ന് പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു....പ്രശസ്ത അമേരിക്കൻ എഴുത്തുകാരനായ സിഡ്നി ഷെൽഡൺ ഒരിക്കൽ പറഞ്ഞത് വെറുതെ അല്ല, "ഭാവനയെ ഉത്തേജിപ്പിക്കാനുള്ള ഊർജ്ജസംഭരണികളാണ് ലൈബ്രറികൾ. അവ നമ്മെ പ്രചോദിപ്പിക്കുകയും ജീവിതവീക്ഷണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു"....ഒപ്പം ഒരുപാട് നല്ല മനുഷ്യരെ നമുക്ക് സമ്മാനിക്കുകയും ചെയ്യുന്നു.
സ്നേഹപൂർവ്വം
രഞ്ജിത്ത് കൃഷ്ണൻ