23 May

വർഷങ്ങൾ കടന്ന് പോകുമ്പോൾ, സ്വന്തക്കാർ ഉൾപ്പടെ പ്രിയപ്പെട്ട പലരും നമ്മളെ വിട്ട് പോകും എന്ന സത്യം അറിയാഞ്ഞിട്ടല്ല എന്നാലും ആ യാഥാർഥ്യം ഉൾക്കൊള്ളാൻ എല്ലാക്കാലവും എനിക്കൊരു മടിയാണ്. മനസ്സിൽ പല സമയത്തും അവർ അങ്ങനെ നിറഞ്ഞു നിൽക്കുന്നതായി തോന്നും. അത് ചിലപ്പോൾ യാത്രകളിൽ ചില സ്ഥലങ്ങൾ കാണുമ്പോഴാകാം അല്ലെങ്കിൽ അവർ സമ്മാനിച്ചിട്ടുള്ള ചെറുതും വലുതുമായ സാധനങ്ങളിലൂടെയാകാം, ഫോട്ടോസാകാം, ജീവിതത്തിൽ ചില പ്രതിസന്ധികളിൽ അവർ നൽകിയ പാഠങ്ങൾ ഓർക്കുന്നതിലൂടെയാകാം, അങ്ങനെ പലതും. കഴിഞ്ഞ ദിവസം ഉച്ചക്ക് അനിയനായ അവിനാഷ് ഫോൺ സന്ദേശത്തിലൂടെ Prof. George M. Cherian സാറിൻ്റെ വിയോഗവാർത്ത അറിയിച്ചപ്പോൾ അങ്ങനെ ഒരു കാലത്തേക്ക് വീണ്ടും എത്തപ്പെട്ടതായി തോന്നി. 

എൻ്റെ സ്കൂൾ പഠനം LKG ക്ലാസ്സ് മുതൽ മാവേലിക്കരയിലെ ബിഷപ്പ് മൂർ വിദ്യാപീഠം (Bishop Moore Vidyapith) എന്ന സ്ഥാപനത്തിൽ ആയിരുന്നു. ഓർമ വെച്ച കാലം മുതൽ മനസ്സിലുള്ളത് സ്കൂൾ വൈസ് പ്രിൻസിപ്പലായ ജോൺ തോമസ് സാറിൻ്റെ മുഖമാണ്. വളരെ 'loud' ആയ അങ്ങേയറ്റം 'strict' ആയ വ്യക്തിയായിരുന്നു തോമസ് സർ. കുട്ടികളുടെ ചെറിയ തെറ്റുകൾ പോലും കടുത്ത ശിഷയിലൂടെ പരിഹരിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. Charles Dickens കഥയിലെ Wackford Squeers -നെ പോലെയൊക്കെ ഏകദേശം തോന്നുന്ന ഒരാൾ. പക്ഷേ അദ്ദേഹം ഒരു മികച്ച അദ്ധ്യാപകൻ ആയിരുന്നു. പ്രമുഖ ക്രിക്കറ്റെർ സുനിൽ ഗവാസ്കർ അദ്ദേഹത്തിൻ്റെ ശിഷ്യനായിരുന്നു. തോമസ് സാറിൻ്റെ അഗ്രഹപ്രകാരം 1985-ൽ ഗവാസ്കർ, സ്കൂൾ സ്റ്റേഡിയം ഉദ്‌ഘാടനം ചെയ്യാൻ എത്തുകയുണ്ടായി (അന്ന് ഞാൻ UKG വിദ്യാർത്ഥി - കിട്ടിയ പാസ്സ് എന്ത് ചെയ്യണമെന്നറിയാതെ നിന്ന കാലം). അന്നൊക്കെ സ്കൂൾ അസ്സംബ്ലിയിൽ മാത്രം കാണുന്ന ഒരാളായിരുന്നു പ്രിൻസിപ്പലായ K.V. എബ്രഹാം സർ. വളരെ സൗമ്യനും,  ജോൺ തോമസ് സാറിൽ നിന്നും തികച്ചും വ്യത്യസ്തനും ആയിരുന്നു എബ്രഹാം സർ. ഞങ്ങൾ കുട്ടികളെ സംബന്ധിച്ച് അദ്ദേഹം, ആകാശത്ത് നിൽക്കുന്ന താരകത്തെപ്പോലെയായിരുന്നു. ഭയവും, ഭക്തിയും, ബഹുമാനവുമൊക്കെ തോന്നിപ്പിക്കുന്ന ഒരാൾ. നിവർത്തി ഉണ്ടെങ്കിൽ അദ്ദേഹത്തിൻ്റെ മുന്നിൽ പെടരുതേ എന്ന് ഞങ്ങൾ ഓരോരുത്തരും ആഗ്രഹിച്ചു. അങ്ങനെ ഇരിക്കെ ഒരു ദിവസം ഞങ്ങൾ വിദ്യാർത്ഥികൾ അറിയുന്നു, എബ്രഹാം സർ വിരമിക്കുകയാണെന്ന്. ഇതിനിടയിൽ ജോൺ തോമസ് സാറും സ്കൂളിൽ നിന്ന് വിട വാങ്ങി. പിന്നീട്, ഞങ്ങളുടെ കാത്തിരുപ്പ് പുതിയ പ്രിൻസിപ്പൽ ആരാണെന്ന് അറിയാനായിട്ടായിരുന്നു. 

ഞാൻ എട്ടാം ക്ലാസ്സിൽ എത്തിയപ്പോളാണ് (1993-ൽ, ആണ് എന്നാണോർമ) സ്കൂളിൻ്റെ പുതിയ പ്രിൻസിപ്പലായി George M. Cherian സർ കടന്ന് വരുന്നത്. അത് വരെ ഞങ്ങൾ കണ്ടിരുന്ന ഒരു രീതിയെ അല്ലായിരുന്നു സ്കൂളിൽ പിന്നീടങ്ങോട്ട്. രാവിലെ ഒരു ചടങ്ങ് പോലെ, പതിവ് രീതികളുമായി നടത്തിയിരുന്ന സ്കൂൾ അസംബ്ലി മുതൽ സകലതും മാറുകയായിരുന്നു. അദ്‌ഭുതവും, അല്പം ഭയവും ഞങ്ങളുടെ മനസ്സിൽ സൃഷ്ട്ടിച്ച പുതിയ പ്രിൻസിപ്പലിൻ്റെ പേര് George M. Cherian എന്നാണെന്നും, അദ്ദേഹം ബിഷപ്പ് മൂർ കോളേജിലെ അദ്ധ്യാപകൻ ആയിരുന്നെന്നും, GMC എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നതെന്നും 'scoop' പോലെ എൻ്റെ ചില 'BBC' സഹപാഠികൾ അറിയിച്ചു. പല കാര്യങ്ങളും അദ്ദേഹം പുതിയതായി സ്കൂളിൽ അവതരിപ്പിച്ചു, ഒപ്പം GMC എന്ന ചുരുക്കപ്പേരിന് കുട്ടികൾ വിവിധ വിവക്ഷകളും കണ്ടെത്തി. ഒരു കാര്യം അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിന് വല്ലാത്ത ഒരു വൈദഗ്ദ്ധ്യം ഉണ്ടായിരുന്നു - അത് ഒരു വിഷയമാണെങ്കിലും, വ്യക്തിയാണെങ്കിലും. ഏതെങ്കിലും ഒരാവശ്യത്തിനു 'fund' ചോദിക്കുന്നതിലാണെങ്കിലും. 

"യുദ്ധങ്ങൾ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു" - അസ്സംബ്ലിയിലൂടെ പല കാര്യങ്ങളും അദ്ദേഹം ഞങ്ങൾക്ക് പറഞ്ഞു തന്നു, 'guest' ആയി പലരും വന്ന് പോയി. അതിൽ കലാകാരൻമാർ, മാജിക് ചെയ്യുന്നവർ, ഉന്നത സ്ഥാനങ്ങളിൽ ഉള്ള വ്യക്തികൾ, പൂർവ്വ വിദ്യാർഥികൾ, മറ്റ് സ്ഥാപനങ്ങളിലെ അദ്ധ്യാപകർ, വിദേശികൾ, പുരോഹിതന്മാർ അങ്ങനെ ഒരുപാട് പേർ. അവർ ഞങ്ങളോട് സംസാരിച്ചു, പുതിയ വഴികൾ കാട്ടിത്തന്നു. ഇതിന് ഒരു മറുവശം കൂടിയുണ്ട്. എനിക്കും എൻ്റെ ചില സുഹൃത്തുക്കൾക്കും അസംബ്ലിയുടെ ദൈർഖ്യം കൂടുന്നത് വളരെ ഇഷ്ടമായിരുന്നു കാരണം മിക്കവാറും ആദ്യത്തെ ഒന്നോ, രണ്ടോ ക്ലാസ്സുകളുടെ സമയം കൂടി അത് കവർന്നിരിക്കും. അത്ര ഇഷ്ടമല്ലാത്ത വിഷയങ്ങൾ കൂടിയാണെങ്കിൽ ആ സന്തോഷം വർദ്ധിക്കും. 

ഇതിനിടയിൽ വെയിലിൻ്റെ ചൂടേറ്റ് ചില കുട്ടികൾ തല കറങ്ങി വീഴാൻ തുടങ്ങും. ഉടൻ GMC ആരോഗ്യത്തെക്കുറിച്ചും, ശാരീരിക ക്ഷമതയെക്കുറിച്ചും സംസാരിക്കാൻ തുടങ്ങും. അങ്ങനെ സമയം മുന്നോട്ട് പോകുമ്പോൾ ഞങ്ങൾ കുറച്ചു പേർ വീണ്ടും 'happy' ആകും. എന്നാൽ ഇന്ന് ആലോചിക്കുമ്പോൾ സർ എത്രത്തോളം കാര്യങ്ങളാണ് ഞങ്ങളുടെ മുന്നിൽ എത്തിച്ചത്, പലതും പാഠങ്ങളായി ഓർമയിൽ നിറഞ്ഞു നിൽക്കുന്നു. മറ്റൊരിക്കൽ ദേശീയ ഗാനം ഞങ്ങൾ തെറ്റായിട്ടാണ് പാടുന്നത് എന്ന് മനസ്സിലാക്കി 'school choir' ഗ്രുപ്പിനെക്കൊണ്ട് അത് പാടിച്ചു ഞങ്ങൾക്ക് മനസ്സിലാക്കിത്തന്നു. 'School Exhibition', അവധിക്കാലത്ത്,  ഒമ്പത്, പത്ത്  ക്ലാസ്സുകളിലെ കുട്ടികൾക്ക് ഒരാഴ്ചയോളം നീണ്ട് നിൽക്കുന്ന 'Personality Development' ക്ലാസ്സുകൾ (അന്നതൊക്കെ അത്ര സാധാരണമല്ലായിരുന്നു), കലാ-കായിക മേളകൾ, അങ്ങനെ പലതും അദ്ദേഹം സംഘടിപ്പിച്ചു. സ്കൂളിൻ്റെ 'Annual Athletic Meet'-ൻ്റെ ഭാഗമായിട്ടുള്ള football match-ൽ ആ പ്രായത്തിലും അദ്ദേഹം കുറച്ച്‌ സമയം കുട്ടികളോടൊപ്പം കളിക്കാനിറങ്ങിയിരുന്നു. എൻ്റെ ചില സുഹൃത്തുക്കൾ അദ്ദേഹത്തിന് മനഃപൂർവം പന്ത് നൽകാതെ 'dribble' ചെയ്ത് കൊണ്ട് പോയതും ഒരു കാഴ്ചയായിരുന്നു.  'Sportsman spirit'-ഓടെയാണ് അദ്ദേഹം എക്കാലവും നിലകൊണ്ടത്. GMC എപ്പോഴും ഒരു 'out of the box' എന്നൊക്കെ വിശേഷിപ്പിക്കാവുന്ന വ്യക്തിയായിരുന്നു. 

ക്രിക്കറ്റ് തലക്ക് പിടിച്ചിരിക്കുന്ന കാലമായിരുന്നതിനാൽ പഠനത്തിൽ ഞാൻ വല്ലാതെ ഉഴപ്പിയിരുന്നു. അത് കൊണ്ട് തന്നെ GMC പലപ്പോഴും എനിക്ക് (ഞങ്ങളിൽ പലർക്കും) ശത്രു പക്ഷത്തായിരുന്നു. എനിക്ക് അദ്ദേഹത്തെ 'face' ചെയ്യാൻ വല്ലാത്ത മടിയും. ഉഴപ്പ് കാരണം സ്വാഭാവികമായും മാർക്സ് കുറഞ്ഞു തുടങ്ങി. GMC എൻ്റെ മാതാപിതാക്കളെ കാണണം എന്നാവശ്യപ്പെട്ടു. പറ്റുന്നത്രയും കാലം അത് 'postpone' ചെയ്‌തെങ്കിലും അനിവാര്യമായത് സംഭവിച്ചല്ലേ മതിയാകു. സ്കൂൾ മാറാൻ തന്നെയാണ് അദ്ദേഹം ആവശ്യപ്പെട്ടത് എന്നാൽ എൻ്റെ അച്ഛനും ഒരു കോളേജ് അദ്ധ്യാപകൻ ആയത് കൊണ്ടാകണം ഒരവസരം കൂടി തരാൻ അദ്ദേഹം തയ്യാറായി (ഒരു പക്ഷെ അച്ഛന് എനിക്ക് വേണ്ടി പറയേണ്ടി വന്ന ഒരേ ഒരു അവസരം). GMC പക്ഷെ ഒരു 'condition' മുന്നോട്ട് വെച്ചു. വാർഷിക പരീക്ഷ നന്നായി പഠിച്ച്‌ എഴുതുക, നല്ല മാർക്കോട് കൂടി പാസ്സാവുക. അങ്ങനെ സംഭവിച്ചില്ലെങ്കിൽ നിശ്ചയമായും സ്കൂൾ മാറേണ്ടി വരും. തുടർന്നുള്ള ദിവസങ്ങളിൽ പലവിധ പരീക്ഷണങ്ങൾ അതിജീവിച്ച്‌  പരീക്ഷയിൽ മികച്ച വിജയം നേടാൻ കഴിഞ്ഞു. മറ്റ് അഭിപ്രായങ്ങൾ പരിഗണിക്കാതെ എന്നെയും അല്ലെങ്കിൽ എന്നെക്കാളേറെ എൻ്റെ അച്ഛനെ വിശ്വസിച്ച്‌ George M. Cherian സർ അങ്ങനെ ഒരവസരം തന്നില്ലായിരുന്നുവെങ്കിൽ ഞാൻ മറ്റൊരാളായിത്തീർന്നേനെ. “It’s not in the stars to hold our destiny but ourselves” എന്നദ്ദേഹം പഠിപ്പിച്ചു തന്നു. 

പിന്നീടുള്ള ഒൻപതാം ക്ലാസ്സിലും, പത്തിലും ഞാൻ തരക്കേടില്ലാതെ പോയി. എന്നാലും എക്കാലവും ഈ ഓർമയുള്ളത് കൊണ്ട് അദ്ദേഹത്തെ കാണുമ്പോൾ ചമ്മൽ/ഭയം എന്നിവ കാരണം ഞാൻ മാറിപ്പോയിരുന്നു. എൻ്റെ സുഹൃത്തുക്കളും ഞാനും കൂടി സ്കൂൾ വോളീബോൾ ടീമിൻ്റെ ഭാഗമായി പരിശീലനം നടത്തുമ്പോൾ അദ്ദേഹം ശ്രദ്ധിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നല്കുകയും ചെയ്തിരുന്നു. 'Underhand serve' ചെയ്തിരുന്ന എന്നോട്  'overhand serve' ചെയ്യാൻ ആവശ്യപ്പെട്ടതും അദ്ദേഹമാണ്. ഗ്രൗണ്ടിൽ ഒരുപാട് വൈകിയപ്പോൾ, ദൂരെ അല്ലെ വീട്, ഇന്നത്തേക്ക് മതിയാക്കാം എന്ന് പലപ്പോഴും അദ്ദേഹം ശാസനാസ്വരത്തിൽ പറഞ്ഞിട്ടുണ്ട്. വോളീബോൾ മത്സരത്തിൽ പരാജപ്പെട്ടെങ്കിലും സ്കൂൾ ടീം എന്ന നിലയിൽ അദ്ദേഹത്തോടൊപ്പം ഞങ്ങൾ ഫോട്ടോ ഒക്കെ എടുത്തത് വലിയ ഒരു സന്തോഷമായിരുന്നു. 

ഒരിക്കൽ ഞങ്ങളുടെ ക്ലാസ്സിനെ Economics പഠിപ്പിക്കാനായി ഒരു പുതിയ അദ്ധ്യാപകൻ എത്തുകയുണ്ടായി. എൻ്റെ ഓർമ ശരിയാണെങ്കിൽ അദ്ദേഹത്തിൻ്റെ പേര് 'Toby' എന്നായിരുന്നു. റ്റോബി സാറിനെ GMC തന്നെയാണ് ഞങ്ങളുടെ ക്ലാസ്സിനെ പരിചയപ്പെടുത്തിയത്. “This is Toby. He will be teaching you Economics. He is my student”. തൻ്റെ പ്രത്യേക സ്വരത്തിൽ സർ അത് പറഞ്ഞപ്പോൾ തൻ്റെ വിദ്യാർത്ഥിയോടുള്ള സ്നേഹവും ഇവിടെ വരെ എത്തിയതിലുള്ള അഭിമാനവും ഒക്കെ സ്പഷ്ടമായിരുന്നു. GMC ഒരു മികച്ച അദ്ധ്യാപകൻ ആയിരുന്നു എന്ന് ഞാൻ പിന്നീട് ഒരുപാട് പേരിൽ നിന്നറിഞ്ഞു. 

സ്കൂൾ പഠനം പൂർത്തിയാക്കി, Pre-Degree, Degree എന്നിവക്ക് ശേഷം PG-ക്കായി Bishop Moore കോളേജിൽ ഞാൻ ചേരുകയുണ്ടായി. ഇടയ്ക്കു സാറിനെ കാണുമ്പോൾ ഞാൻ വഴി മാറി നടക്കുമായിരുന്നു കാരണം പഴയ ഒരു ഉഴപ്പൻ്റെ കഥ മനസ്സിൽ എപ്പോഴും ഉണ്ടാകണമെല്ലോ. MA English കഴിഞ്ഞു NET പാസ്സായി അതെ കോളേജിൽ ഞാൻ Guest Lecturer ജോലി ആയി ചെയ്തപ്പോഴും സാറിൻ്റെ മുന്നിൽ പെടാതെ ശ്രദ്ധിച്ചു. എൻ്റെ HoD ആയിരുന്ന പ്രഭാമിസ്സ് GMC-യുമായി സംസാരിക്കുന്നത് കാണുമ്പോഴും എനിക്ക് ടെൻഷൻ ആകുമായിരുന്നു. സർ എന്നെ പറ്റിയാണോ ചോദിക്കുന്നത്, നിങ്ങൾ എന്തിന് ഇങ്ങനെ ഒരാളെ എടുത്തു, എന്നൊക്കെയാകുമോ. അങ്ങനെയിരിക്കെ ഒരിക്കൽ അത് സംഭവിച്ചു. ഒരു പ്രോഗ്രാമിൻ്റെ ഭാഗമായി ഞാൻ പ്രഭാമിസ്സിനോടൊപ്പം George M. Cherian സാറിൻ്റെ മുന്നിലെത്തപ്പെട്ടു. ഞാൻ മാറിയപ്പോൾ സർ മിസ്സിനോട് എന്തോ എന്നെ നോക്കി ചോദിക്കുന്നതും  കണ്ടു. ഈ നിമിഷം വരെ പ്രഭാമിസ്സ് എന്നോട് എന്താണ് സർ സംസാരിച്ചത് എന്ന് പറഞ്ഞിട്ടില്ല (ഇപ്പോഴത് മിസ്സ് ഓർക്കാനും ഇടയില്ല), ഞാൻ അങ്ങോട്ട് ചോദിച്ചിട്ടുമില്ല. പക്ഷെ അന്ന് വൈകുന്നേരം സർ എന്നെ കണ്ടപ്പോൾ സംസാരിച്ചു, “I knew that you’ll make it. I knew your potential. അന്ന് ഞാൻ എടുത്ത 'decision' തെറ്റിയില്ല”. എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ ഞാൻ നിന്നു. "People are capable, at any time in their lives..." Paulo Coelho-യ്ക്ക് മുമ്പ് ഒരു പക്ഷെ സർ ഇത് തിരിച്ചറഞ്ഞിട്ടുണ്ടാവണം. എന്നെപ്പോലെ എത്ര കുട്ടികളെ/തലമുറകളെ സർ കണ്ടിട്ടുണ്ട്, അവരെ 'inspire' ചെയ്ത് നേർവഴി നടത്തിയിട്ടുണ്ട്. പിന്നീടൊരിക്കലൂം ഞാൻ സാറിനെ ഒഴിവാക്കിയിട്ടില്ല. പ്രഭാമിസ്സിനെ കാണുമ്പോഴും സാറിനെക്കുറിച്ച്‌ ചോദിക്കുമായിരുന്നു. എൻ്റെ വിവാഹം ക്ഷണിക്കാൻ ചെന്നപ്പോൾ ആരോഗ്യപ്രശ്നം മൂലം അത്ര ദൂരം വരാൻ കഴിയില്ല എന്ന് പറഞ്ഞെങ്കിലും മനസ്സ് നിറഞ്ഞു ശിരസ്സിൽ തൊട്ട് , നെറ്റിയിൽ കുരിശ് വരച്ച്‌  അനുഗ്രഹിച്ച നിമിഷം ഇന്നും ഒരു നിധി പോലെ ഓർക്കുന്നു. എപ്പോൾ കണ്ടാലും സാറിന് വലിയ മാറ്റങ്ങൾ തോന്നിയിരുന്നില്ല. വർഷങ്ങൾക്കിപ്പുറം സർ കടന്ന് പോകുമ്പോൾ ഒരുപാട് ഓർമ്മകൾ ബാക്കിയാകുന്നു. കോളേജിനും, സ്കൂളിനും അത് വഴി സമൂഹത്തിനും GMC എന്ന George M. Cherian സർ ചെയ്ത നന്മകൾ എക്കാലവും നിലനില്ക്കും. ആരോ ഒരിക്കൽ എഴുതിയത് പോലെ…”A life that touches others goes on forever…”… RIP Sir.

സ്നേഹപൂർവ്വം 

രഞ്ജിത്ത് കൃഷ്ണൻ

Comments
* The email will not be published on the website.