05 Aug

വയലാർ, പി ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, ഓ എൻ വി കുറുപ്പ്, ബിച്ചു തിരുമല തുടങ്ങിയ പ്രതിഭകൾക്ക് ശേഷം മലയാള ചലച്ചിത്ര ഗാനശാഖയിലേക്കു കടന്നു വന്ന മറ്റൊരാളാണ് സൗമ്യനായ ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി. ഇന്ന് തൻ്റെ സപ്തതി ആഘോഷിക്കുന്ന അദ്ദേഹം മലയാളികളുടെ പ്രിയങ്കരനായിട്ടു മൂന്ന് പതിറ്റാണ്ടിലേറെയായി.  എൺപതുകളിലും, തൊണ്ണൂറുകളിലും മലയാള സിനിമയിലെ നായികാനായകന്മാർ തങ്ങളുടെ പ്രണയവും, വിരഹവും, ആഹ്ളാദവും, സങ്കടങ്ങളുമൊക്കെ രേഖപ്പെടുത്തിയത് കൈതപ്രത്തിൻ്റെ വാക്കുകളിലൂടെയാണ്. ഞാനും എൻ്റെ തലമുറയും റേഡിയോയിലൂടെയും കാസെറ്റിലുടെയും പാട്ടുകൾ കേട്ടിരുന്ന കാലത്തു ഈ താടിക്കാരൻ നമ്പൂതിരി ഒരുപാടു അദ്‌ഭുതങ്ങൾ സമ്മാനിച്ചിരുന്നു.

ഫാസിലിൻ്റെ 'എന്നെന്നും കണ്ണേട്ടൻ്റെ' എന്ന ചിത്രത്തിലെ "ദേവദുന്ദുഭി സാന്ദ്രലയം" എന്ന ഗാനത്തിലൂടെ സിനിമ അരങ്ങേറ്റം നടത്തിയ കൈതപ്രം തന്റേതായ ഒരു സ്ഥാനം വളരെ വേഗം നേടിയെടുത്തു. "പൊന്മുരളിയൂതും കാറ്റിൽ " എന്ന് ആര്യനിൽ എഴുതിയ തിരുമേനി ‘കിരീട’ത്തിൽ എത്തിയപ്പോൾ മലയാളക്കരയാകെ ഏറ്റു പാടിയ ഗാനവുമായാണ് വന്നത്. ഒരു അച്ഛന്റെ നിരാശ, അമ്മയുടെ നൊമ്പരം, യുവാവിന്റെ നഷ്ടം അങ്ങനെ എല്ലാം ചേർന്നപ്പോൾ "കണ്ണീർപ്പൂവിൻ്റെ കവിളിൽ തലോടി" എക്കാലത്തെയും ഹിറ്റായി മാറി.

“ഉണ്ണിക്കിടാവിന്നു നല്കാൻ
അമ്മ നെഞ്ചിൽ പാലാഴിയേന്തി
ആയിരം കൈ നീട്ടി നിന്നു
സൂര്യതാപമായ് താതൻ്റെ   ശോകം”

“കദനങ്ങളിൽ  തുണയാകുവാൻ  വെറുതെ  ഒരുങ്ങുന്ന  മൗനം…. “

മൗനത്തിനെ കൂട്ട് പിടിക്കുന്ന ഒരു രീതി കൈതപ്രത്തിൻ്റെ ആദ്യകാലം മുതലേ നമുക്ക് കാണാൻ കഴിയുന്നതാണ്.

“കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ, ഇന്നാരോ പീലിയുഴിഞ്ഞൂ

പൊന്നോ പൂമുത്തോ വർണ്ണത്തെല്ലോ, നിൻ ഭാവം മോഹനമാക്കി”

എത്ര മനോഹരമായാണ് ഓർമ നഷ്ടപ്പെട്ട നായികയുടെ വിചാരവികാരങ്ങൾ ‘ഇന്നലെ’ എന്ന ചിത്രത്തിലെ ഈ ഗാനത്തിൽ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ  ‘വരവേൽപ്പി’ലെ ഗാനത്തിൽ എത്തുമ്പോൾ നായികയുടെ സഹായത്താൽ  നായകൻ്റെ  മനസ്സ് മാറുന്നത് ഒരു ബിംബത്തിൻ്റെ രൂപത്തിലാണ് അവതരിപ്പിക്കുന്നത്.

“മഴനീർത്തുള്ളിയെ മുത്തായ് മാറ്റും, നന്മണിച്ചിപ്പിയെ പോലെ”... എത്ര രസകരമായാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.

അക്കാലത്തു ആകാശവാണി ഏറ്റവും കൂടുതൽ കേൾപ്പിച്ചിരുന്നത് കൈതപ്രം - ജോൺസൻ ടീമിൻ്റെ ഗാനങ്ങൾ ആയിരുന്നു. "കൈതപ്രം ജോൺസൻ" എന്നത് ഒരാൾ ആണ് എന്ന് പോലും കരുതിയ കാലമായിരുന്നു അത്.

രവീന്ദ്രൻ എന്ന മഹാപ്രതിഭയുടെ സ്പർശത്താൽ അദ്‌ഭുതമായി മാറിയ "പ്രമദവനം" ഇന്നും ആസ്വാദകരെ ആനന്ദിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു.

“ഏതേതോ കഥയിൽ യമുനയിലൊരു, വനമലരായൊഴുകിയ ഞാൻ

യദുകുല മധുരിമ തഴുകിയ മുരളിയിലൊരുയുഗ-

സംഗമഗീതമുണർത്തുമ്പോൾ....ഇന്നിതാ....”

പദസമ്പത്തും, മനോഹരമായ കല്പനകളും ഉള്ളതുകൊണ്ട് തന്നെ ആവണം പദ്‌മരാജൻ ഗന്ധർവൻ്റെ  കഥ പറയാൻ ശ്രമിച്ചപ്പോൾ അതിനു ഗാനമൊരുക്കാൻ കൈതപ്രത്തെ തന്നെ സമീപിച്ചത്.

"മഞ്ഞണിഞ്ഞൊരി ഗന്ധമാദനം, തളിരിടും മനമാകുവാൻ, മഴവിൽ തേരിറങ്ങി ഞാൻ..."  ഏതു 'ദേവിയും' പ്രണയിച്ചു പോകുന്ന വരികൾ.

അഭിമന്യു എന്ന ചിത്രത്തിലെ ഗാനം ഇന്നും ഒരു അനുഭൂതിയായി നില്ക്കാൻ ഈ വരികളാണ് കാരണമെന്നു ഞാൻ വിശ്വസിക്കുന്നു.

“വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയണിഞ്ഞു, ഒരു നാള്‍ നീയെന്‍ അന്തര്‍ജനമാകും

കണ്മണി തിങ്കളേ നിന്‍ കളങ്കം, കാശ്മീര കുങ്കുമമാകും

നീ സുമംഗലയാകും ദീർഘസുമംഗലയാകും”

എന്നെങ്കിലും പ്രണയിക്കുകയാണെങ്കിൽ ഇത് പോലെ വേണം എന്ന് ആഗ്രഹിച്ചിരുന്നു.

"കൂരിരുൾ ചിമിഴിൽ ഞാനും മൗനവും മാത്രം"... കൈതപ്രം “at his best” എന്ന് പറയാൻ തോന്നുന്ന വരികൾ ആണിത്.

"എന്നിളം കൊമ്പില് നീ പാടാതിരുന്നെങ്കില് ജന്മം പാഴ്മരമായേനേ, ഇലകളും കനികളും മരതകവര്ണ്ണവും വെറുതേ മറഞ്ഞേനേ"... മലയാളി വിരഹത്തിൻ്റെ നോവറിഞ്ഞത് ഈ പാട്ടിലൂടെയാണ്.

പ്രണയത്തിൻ്റെ തീവ്രത അറിയിക്കാൻ കൈതപ്രത്തിന് എന്നും സാധിച്ചിരുന്നു. "അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടായാലും", "പ്രേമോദാരനായി" എത്താനും, "മൗനം സ്വരമായി എൻ മൺവീണയിൽ" എന്ന് സൂചിപ്പിക്കാനും അദ്ദേഹത്തിനായി. 

"വെണ്ണിലാ ചന്ദനക്കിണ്ണവും", “ഏതോ വാർമുകിലിൻ”, "താമരക്കണ്ണനുറങ്ങേണം", "വെണ്ണിലാവോ ചന്ദനമോ", "കണ്ണനെന്നു പേര്", "കണ്ണേ ഉറങ്ങുറങ്ങു് "... ഈ ഗാനങ്ങളെല്ലാം നമുക്ക് ഗൃഹാതുരത്വത്തിന്റെയും, താരാട്ടിന്റേയും ഓർമ്മകൾ സമ്മാനിച്ചപ്പോൾ  "രാജഹംസവും ", "കളിവീടുറങ്ങിയല്ലോയും" നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തി.

"പൂജാബിംബം" എന്ന ഗാനത്തിൽ "സന്ധ്യയെ" വളരെ കൗതുകത്തോടെ അദ്ദേഹം അവതരിപ്പിച്ചു. ശ്രോതാക്കളെ കണ്ണീരിൽ ആഴ്ത്താൻ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവുണ്ട്. "മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെന്തേ  " എന്ന ഗാനം ഉത്തമ ഉദാഹരണമാണ്.

"ദേശാടനം" എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി മാറിയ കൈതപ്രം "വണ്ണാത്തിപ്പുഴയുടെ തീരത്തു", “എന്നോടെന്തിനി പിണക്കം", തുടങ്ങിയ മനോഹരങ്ങളായ ഗാനങ്ങൾ സൃഷ്ടിച്ചു. മറ്റൊരു പ്രതിഭയായ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് അദ്ദേഹം സംഗീതം നൽകുകയുണ്ടായി. "കൈക്കുടന്ന നിലാവ്" എന്ന ചിത്രത്തിലെ ഗാനങ്ങൾ ശ്രധ്ധിക്കപ്പെട്ടതു ഈ കൂട്ടുകെട്ടിലൂടെയാണ്.

തൂവൽക്കൊട്ടാരത്തിലെ "ആദ്യമായി കണ്ട നാൾ", ഫോട്ടോഗ്രാഫറിലെ "എന്തെ കണ്ണന് കറുപ്പ് നിറം" തുടങ്ങിയ ഗാനങ്ങളും സുഖകരമായ ഓർമകളാണ്.

‘നരനി’ലെ " ശൂരം പടയുടെ" എന്ന ഗാനത്തിലൂടെ ദ്രുത താളത്തിലുള്ള ഗാനങ്ങളും തനിക്കു  വഴങ്ങും എന്ന് വീണ്ടും തെളിയിച്ചു. ഈ പ്രതിഭയുടെ ചില ഗാനങ്ങളിലൂടെയുള്ള ഒരു യാത്ര മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. അനാരോഗ്യം കാരണം അവസരങ്ങൾ ഒഴിവാക്കേണ്ടി വന്ന അദ്ദേഹം ഇപ്പോൾ തിരിച്ചുവരവിൻ്റെ  പാതയിലാണ്.

ഏറ്റവും അവസാനം അദ്ദേഹത്തെ കണ്ടത് പ്രിയപ്പെട്ട സുനിൽ ചേട്ടൻ്റെ (ബഹുമാനപ്പെട്ട ശ്രീ പള്ളിക്കൽ സുനിൽ) മകളുടെ വിവാഹത്തിനാണ്. അദ്ദേഹവും മകനും ചേർന്ന് നടത്തിയ കച്ചേരി കേൾക്കാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നു. ഇന്ന് സപ്തതി ആഘോഷിക്കുന്ന കൈതപ്രം തിരുമേനിക്ക് എല്ലാ ആദരവോടും കൂടി ആശംസകൾ അറിയിക്കുന്നു. എത്രയും വേഗം അദ്ദേഹത്തിന് വീണ്ടും പൂർണതോതിൽ കർമനിരതനാകാൻ കഴിയട്ടെ എന്ന് പ്രാർഥിച്ചു കൊണ്ട് നിർത്തട്ടെ...

"ഞാനാം തൂമഞ്ഞു തുള്ളിയെ താമരയിലപോൽ ദൈവമേ കാത്തുകൊള്ളേണം"... എല്ലാ കടാക്ഷവും ഉണ്ടാവട്ടെ ...

സ്നേഹപൂർവ്വം

രഞ്ജിത്ത് കൃഷ്ണൻ




Comments
* The email will not be published on the website.