30 Aug

“My most enjoyable movie going experiences have always been going to a movie theater, sitting there and the lights go down and a film comes on the screen that you don't know everything about, and you don't know every plot turn and every character movement that's going to happen” – Christopher Nolan

വെളിച്ചത്ത് പിടിച്ച് ഇരുട്ടത്ത് കാണിക്കുന്ന കലയാണ് സിനിമ എന്ന് പറയാറുണ്ട്. തീയേറ്ററിലെ ഇരുട്ടിൽ പ്രേക്ഷകർ അനുഭവിക്കുന്ന ഒരു magic  പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഒരു തരം 'carnivalesque ' experience ആണ് ഓരോ സിനിമാശാലയിലും സംഭവിക്കുന്നത്. അത് കൊണ്ട് തന്നെ, സിനിമ തിയേറ്ററിൽ കാണുക എന്നുള്ളത് എന്നും എനിക്ക് ഇഷ്ടമായിരുന്നു.

കുട്ടിക്കാലത്തെ എൻ്റെ ഓർമകളിൽ മാവേലിക്കരയിൽ മൂന്ന് സിനിമ തീയേറ്ററുകളായിരുന്നു ഉണ്ടായിരുന്നത്. ടൗണിൽ വള്ളക്കാലിൽ, പുതിയകാവ് ഭാഗത്ത്‌ MKV, പ്രതിഭ എന്നീ തീയേറ്ററുകൾ. പിന്നെയുണ്ടായിരുന്നത് ചെട്ടികുളങ്ങരയിൽ ഉള്ള ദിവ്യ എന്ന തിയേറ്റർ ആണ് (ഇപ്പോഴത് ഓഡിറ്റോറിയം ആയി മാറി). വള്ളക്കാലിൽ, MKV എന്നിവിടങ്ങളിൽ റിലീസ് അപൂർവമായിരുന്നു. പിന്നീട് വള്ളക്കാലിൽ പുതിയ സംവിധാനങ്ങളുമായി സന്തോഷ്‌, സാന്ദ്ര, എന്നിങ്ങനെ രണ്ടായി മാറിയപ്പോഴാണ് അവിടെ റിലീസ് സ്ഥിരമായത്. ഉദ്ഘാടനം കഴിഞ്ഞ നാൾ മുതൽ മാവേലിക്കരയുടെ അഭിമാനമായിരുന്നു പ്രതിഭ തീയേറ്റർ. AC ഉള്ള, parking space ഉള്ള, reservation facility ഉള്ള, release centre ആയ ഒരേ ഒരു തിയേറ്റർ. വളരെ ദൂരെ നിന്ന് പോലും പ്രേക്ഷകർ സിനിമ കാണാനായി ഇവിടെ എത്തിയിരുന്നു.

കുട്ടിക്കാലത്ത് അമ്മയുടെ അമ്മാവൻ്റെ കൂടെ ചേച്ചിയോടൊപ്പം ‘My Dear Kuttichathan’ എന്ന 3D സിനിമ കണ്ടതാണ് എനിക്ക് പ്രതിഭയെക്കുറിച്ചുള്ള ആദ്യത്തെ ഓർമ. മുന്തിരിയും, ഐസ് ക്രീമും ഒക്കെ കയ്യെത്തി പിടിക്കാം എന്ന് തോന്നിച്ച ദൃശ്യ മികവ് പ്രതിഭയിൽ അന്ന് ലഭിച്ചുരുന്നു. കാഴ്ച്ചക്ക് ഉപയോഗിക്കുന്ന കണ്ണാടിയുടെ മുകളിൽ 3D കണ്ണട വെച്ച് ആ സിനിമ ഞങ്ങളോടൊപ്പം കണ്ട അമ്മാവൻ ഒരു കൗതുകക്കാഴ്ച ആയിരുന്നു. പിന്നീട്,  കുഞ്ഞമ്മയോടും, ചിറ്റപ്പനോടുമൊപ്പം  ‘മീനമാസത്തിലെ സൂര്യൻ’, ‘ഒരിടത്ത്’ തുടങ്ങിയ serious ചിത്രങ്ങളും അവിടെ ഞാൻ കണ്ടു. പാട്ടും, ഡാൻസും, ഫൈറ്റും ഒന്നുമില്ലാത്ത സിനിമകൾ ആയതുകൊണ്ട് തന്നെ എനിക്ക് ഇഷ്ടമായില്ല ആ സിനിമകൾ. പിന്നീട്  മുതിർന്നപ്പോഴാണ് ആ ചിത്രങ്ങളുടെ മൂല്യം ഞാൻ  മനസ്സിലാക്കുന്നത്. കുടുംബത്തോടൊപ്പം ‘ഒരു വടക്കൻ വീരാഗാഥ’, vacation കാലത്ത് കസിൻസ് ഉൾപ്പടെയുള്ളവരുമായി ‘എൻ്റെ സൂര്യപുത്രിക്ക്’... അങ്ങനെ ഒരുപാട് ചിത്രങ്ങൾ. ഫാസിൽ ചിത്രങ്ങൾ ഇഷ്ടമായിരുന്നത് കൊണ്ട് തന്നെ, അച്ഛനും അമ്മയ്ക്കും ഒപ്പം കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ പോയിട്ടുള്ളതും പ്രതിഭയിലാണ്. പിന്നീട് അവിടെ എത്ര സിനിമകൾ കണ്ടു എന്നുള്ളത് എനിക്ക് തന്നെ അറിയില്ല. എൻ്റെ ജീവിതത്തിൻ്റെ ഭാഗമായി പ്രതിഭ തിയേറ്റർ മാറുകയായിരുന്നു. AC-യുടെ തണുപ്പിൽ ‘കിലുക്ക'വും, ‘മിന്നാര'വും, മമ്മൂട്ടിയുടെ ‘പാഥേയ’വുമൊക്കെ കണ്ടപ്പോൾ ഊട്ടിയുടെ തണുപ്പ് അവിടുത്തെ സ്‌ക്രീനിലൂടെ ഞാനും അനുഭവിച്ചു. തിയേറ്ററിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ടിട്ടുള്ള  സിനിമയായ ‘മണിച്ചിത്രത്താഴും’ ഞാൻ പ്രതിഭയിൽ ആണ് ആസ്വദിച്ചത്. 

ആ കാലങ്ങളിൽ എൻ്റെ ഓർമ ശരിയാണെങ്കിൽ 11.20-നാണ് അവിടെ morning show തുടങ്ങിയിരുന്നത്. ദിവസേന നാല് പ്രദർശനങ്ങൾ, നാലായി divide ചെയ്തിട്ടുള്ള seating - ബാൽക്കണി മുതൽ ഏറ്റവും മുന്നിലുള്ള കസേര വരെ. അക്കാലത്ത് അവിടെ ഞാൻ സ്ഥിരമായി ഇരിക്കാൻ ഒരു കസേര പോലും കണ്ടെത്തിയിരുന്നു. അവിടേക്കുള്ള ടിക്കറ്റ് എടുക്കാൻ ഗുഹ പോലെയുള്ള ഒരു വഴിയുമുണ്ടായിരുന്നു. ഇടവേളയിൽ ഭയങ്കര തണുപ്പോടെയുള്ള 'cool drink', കവറിലാക്കിയ കപ്പലണ്ടി, ചെറിയ മിഠായികൾ, അങ്ങനെ ഒരുപാട് രസകരമായ ഓർമ്മകൾ. ‘ചന്ദ്രലേഖ’ എന്ന സിനിമയ്ക്ക്  അവിടെ ആദ്യ ടിക്കറ്റ്‌ എടുക്കാൻ കഴിഞ്ഞതും, ‘ഹരികൃഷ്ണൻസ്’ കാണാനായി തലേന്ന് മുതൽ ഉറക്കമൊഴിഞ്ഞതും, അടുത്ത ദിവസം രാവിലെ സുഹൃത്തുക്കളോടൊപ്പം ഇടിച്ചു കയറിക്കണ്ടതും, ‘ഹിറ്റ്ലർ’, ‘ആറാം തമ്പുരാൻ’, ഒക്കെ കാണാനായി ഏറ്റവും front-ൽ ഇരുന്നതും, ‘ഉസ്താദ്’ എന്ന സിനിമയ്ക്ക് ടിക്കറ്റ് എടുക്കാനുള്ള ശ്രമത്തിൽ ലാത്തിയടിയിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടതും, "മോനെ നമുക്ക് ഈ കൊച്ചിനെ മിണ്ടിക്കണ്ടേ" എന്ന് ചോദിച്ച് ഞങ്ങളെ ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന ചിത്രം ആദ്യ ദിനം തന്നെ  കാണാൻ വിളിച്ചു കയറ്റിയ അവിടുത്തെ അച്ചായൻ (എപ്പോഴും ചുണ്ടിൽ എരിയുന്ന സിഗരറ്റും, പുഞ്ചിരിയുമായി നിന്നിരുന്ന അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല), ‘Big B’ കാണാൻ ഭീകര തിരക്കിനിടയിലും “രാജകീയമായി” കയറിയതും, അങ്ങനെ എന്തെല്ലാം... വിവാഹശേഷം ഞാനും രാജിയും ആദ്യമായി സിനിമ കണ്ടതും, അച്ചുവിനെ ആദ്യമായി തിയേറ്ററിൽ കൊണ്ടുപോയതും ഒക്കെ പ്രതിഭയിൽ തന്നെയാണ്.

ഫാസിൽ, സിദ്ദിഖ്-ലാൽ എന്നിവർ സംവിധാനം ചെയ്ത ചിത്രങ്ങൾ, സ്വർഗ്ഗചിത്ര എന്ന മികച്ച  production house നിർമിച്ച്, വിതരണം ചെയ്ത ചിത്രങ്ങൾ, ആശിർവാദ് സിനിമാസിൻ്റെ മോഹൻലാൽ സിനിമകൾ ഒക്കെ സ്ഥിരമായി റിലീസ് ചെയ്തിരുന്ന തിയേറ്റർ ആയിരുന്നു പ്രതിഭ. രസകരമായ ഒരുപാട് കഥകളും ഉണ്ട് ഈ തീയേറ്ററിനെ ചുറ്റിപ്പറ്റി. പലതും പറഞ്ഞ് കേട്ടവയാണ്. അവിടെ Housefull board പ്രദർശിപ്പിക്കുന്നതിനെക്കുറിച്ചും, ബാൽക്കണിയിലെ സീറ്റുകളുടെ എണ്ണത്തെക്കുറിച്ചും, അവിടെ ഉള്ളത് Air Conditioner അല്ല Air Cooler ആണെന്നും, സിനിമയിൽ പ്രേക്ഷകർ രസം പിടിച്ച് കഴിഞ്ഞാൽ അത് off ചെയ്യുമെന്നും അങ്ങനെ എന്തെല്ലാം.

എനിക്കും എൻ്റെ സുഹൃത്തുക്കൾക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ഇടമാണ് പ്രതിഭ. ജ്യോതിഷ്, ദിലീപ്, മനു, കുട്ടൻ, ബിനു, വിനോദ്, അഭിലാഷ്, അജീഷ്, അരുൺ പിന്നെ പ്രമോദ്, പ്രിൻസ്, മിഥുൻ, അരുൺ, മനോജ് അങ്ങനെ ഞങ്ങൾ ഒരുമിച്ച്‌ എത്ര ചിത്രങ്ങൾ ഇവിടെ കണ്ടിരിക്കുന്നു. അൽപനാൾ മുമ്പ് എൻ്റെ ഒരു student എന്നോട് ചോദിച്ചു സാർ തിയേറ്ററിൽ എത്ര സിനിമകൾ കണ്ടിട്ടുണ്ടാകും എന്ന്. അതൊരു വലിയ നമ്പർ തന്നെയാകും തീർച്ച. അതിൽ പ്രതിഭയിൽ മാത്രം ഉണ്ടാകും 250 plus സിനിമകൾ.

ഇടക്കാലത്ത് ‘B grade’ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ തുടങ്ങിയപ്പോൾ വല്ലാതെ സങ്കടം തോന്നിയിരുന്നു.. ശേഷം, ‘Traffic’, ‘ദൃശ്യം’, ‘വെള്ളിമൂങ്ങ’, മറ്റ് മോഹൻലാൽ ചിത്രങ്ങൾ ഒക്കെ കണ്ടപ്പോൾ വീണ്ടും ഞങ്ങൾ സന്തോഷിച്ചു. Covid സമയത്തിന് ശേഷം പ്രതിഭയുടെ പ്രൗഢി നഷ്ടപ്പെടുകയും അടച്ചു പൂട്ടലിലേക്ക് നീങ്ങുകയും ചെയ്തു. എന്നാൽ ‘Jailer’ എന്ന ചിത്രത്തിലൂടെ പ്രതിഭ മടങ്ങി വന്നിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച അവിടെ ‘Jailer’ കണ്ടപ്പോൾ വീണ്ടും ഒരുപാട് സന്തോഷം തോന്നി.

പഴയ Reservation Counter ഇപ്പോൾ Box Office ആണ്, Cafeteria സ്ഥലവും മാറിയിരിക്കുന്നു. Online reservation ഉണ്ടായിരുന്നത് കൊണ്ട് കൊണ്ട് ടിക്കറ്റ്‌ എടുക്കാൻ queue നിൽക്കേണ്ടതായും വന്നില്ല. ഇടക്കാലത്തെ മങ്ങൽ മാറി സ്ക്രീനിനു നല്ല തെളിച്ചം, ഉഗ്രൻ sound clarity, നല്ല ambience, സീറ്റുകൾ പഴയത് പോലെ തന്നെ തോന്നി... ഈ തിയേറ്റർ ഏറ്റെടുത്ത Dream Big Cinemas-ന്‌ എല്ലാ ആശംസകളും നേരുന്നു. മാവേലിക്കരക്കാർക്ക്, എനിക്ക്, എൻ്റെ സുഹൃത്തുക്കൾക്ക് ഒക്കേ പ്രതിഭ തിയേറ്റർ ഒരു വികാരമാണ്, ഞങ്ങളുടെ ബാല്യകൗമാരങ്ങളെ ത്രസിപ്പിച്ച ഇടമാണ്... ഇനിയും ഒരുപാട് കാലം നിൽക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു…

സ്നേഹപൂർവ്വം

രഞ്ജിത്ത് കൃഷ്ണൻ

Comments
* The email will not be published on the website.