26 Mar

മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകൻ ആരാണെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ - ഫാസിൽ. ഞാൻ ജനിച്ച വർഷം ആണ് ഫാസിൽസാർ "മഞ്ഞിൽ വിരിഞ്ഞ പൂക്കൾ" എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയത്. ആ സിനിമയിലെ പാട്ടുകൾ കുട്ടിക്കാലത്തു എനിക്ക് ഏറെ ഇഷ്ടമായിരുന്നു എന്ന്  അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എൻ്റെ ഓർമയിൽ തിയേറ്ററിൽ കാണുന്ന അദ്ദേഹത്തിൻ്റെ ആദ്യ സിനിമ "എൻ്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്" ആണ്. വല്ലപ്പോഴും മാത്രം സിനിമയ്ക്കു കൊണ്ട് പോയിരുന്ന അച്ഛൻ പിന്നീട് കാണിച്ചു തന്നതെല്ലാം ഫാസിലിൻ്റെ ചിത്രങ്ങൾ ആയിരുന്നു. 

'എൻ്റെ സൂര്യപുത്രിക്ക്','പപ്പയുടെ സ്വന്തം അപ്പൂസ്' എന്നീ ചിത്രങ്ങളെല്ലാം തന്നെ എല്ലാവരെയും പോലെ എനിക്കും പ്രിയപ്പെട്ടതായി. എന്നാൽ 1993-ൽ തൻ്റെ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി 'മണിച്ചിത്രത്താഴ്' അണിയിച്ചൊരുക്കി ഞെട്ടിക്കുകയും ചെയ്തു അദ്ദേഹം. തുടർന്ന് 'മാനത്തെ വെള്ളിത്തേര്' എന്ന ചിത്രം എത്തിയെങ്കിലും അത് എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.   അങ്ങനെ മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം 1997-ലാണ് ശ്രീ. ഫാസിൽ 'അനിയത്തിപ്രാവ്' എന്ന സിനിമയുമായി എത്തിയത്. ഞാൻ അപ്പോഴേക്കും ഒരു Pre-Degree ഒന്നാം വർഷ വിദ്യാർത്ഥി ആയി മാറിയിരുന്നു. മാർച്ച് മാസം 26-നു അല്പം കൗതുകത്തോടെ തന്നെയാണ് ഫാസിലിൻ്റെ എല്ലാ ചിത്രങ്ങളും റിലീസ് ചെയ്തിരുന്ന മാവേലിക്കര പ്രതിഭ തീയേറ്ററിലേക്കു ഞാൻ എത്തിയത്. വലിയ തിരക്കോന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിൻ്റെ എല്ലാ ചിത്രങ്ങളും അങ്ങനെ തന്നെ ആയിരുന്നല്ലോ ആദ്യം. ബേബി ശാലിനിയുടെ തിരിച്ചു വരവ്, നല്ല പാട്ടുകൾ, ഫാസിലിൻ്റെ സംവിധാനം, കുഞ്ചാക്കോ ബോബൻ എന്ന നടൻ്റെ അരങ്ങേറ്റം...ഇതൊക്കെയാണ് ഈ ചിത്രത്തിലേക്ക് എന്നെ ആകർഷിച്ചത്.  

സ്‌ക്രീനിൽ ആദ്യം തെളിഞ്ഞത് നിറഞ്ഞു കത്തുന്ന നിലവിളക്കാണ് ഒപ്പം 'സ്വർഗ്ഗചിത്ര' എന്ന പേരും, പിറകെ മഞ്ഞ ചുരിദാറിട്ട ശാലിനിയും, "അനിയത്തിപ്രാവ്" എന്ന ടൈറ്റിലും. "ഓ പ്രിയേ, പ്രിയേ നിനക്കൊരു ഗാനം..." - രമേശൻ നായർ എഴുതി ഔസേപ്പച്ചൻ സംഗീതം നൽകിയ വരികൾ പതുക്കെ തിയേറ്ററിൽ നിറഞ്ഞു.  

അല്പം കഴിഞ്ഞപ്പോൾ കുഞ്ചാക്കോ ബോബൻ എന്ന പുതിയ നടനും സ്ക്രീനിലേക്ക് എത്തി. തിലകൻ, ശ്രീവിദ്യ എന്നിവരിലൂടെയുള്ള കഥയുടെ ആരംഭം, MBA-ക്ക്‌ പഠിക്കാൻ പോകുന്ന സുധി, അയാളുടെ കൂട്ടുകാർ - അങ്ങനെ കഥ മുന്നോട്ട് നീങ്ങുന്നു. സഹോദരന്മാരും, അമ്മയും അങ്ങേയറ്റം ലാളിച്ചു വളർത്തിയ മിനി എന്ന 'അനിയത്തിപ്രാവുമായി' സുധി പ്രണയത്തിലാവുന്നതോടെ കഥയുടെ ഗതി മാറുന്നു. രണ്ടു മതത്തിൽ പെട്ടവർ ആയതു കൊണ്ടും, മാതാപിതാക്കളെ നിഷേധിക്കാൻ കഴിയാത്തതു കൊണ്ടും തങ്ങളുടെ പ്രണയം വേണ്ട എന്ന് വെക്കുന്ന നായികാനായകന്മാരെയാണ് "അനിയത്തിപ്രാവ്" സമ്മാനിച്ചത്. പ്രേക്ഷകർക്ക് അതൊരു പുതുമയായിരുന്നു. മിനി തിരികെ വീട്ടിൽ എത്തി എല്ലാവരുമായി സംസാരിച്ചു "അനിയത്തിപ്രാവിന് പ്രിയരിവർ നൽകും ചെറുതരി സുഖമുള്ള നോവ്”... എന്ന ഗാനത്തിൽ എത്തിയപ്പോഴാണ് തീയേറ്ററിൽ anti-climax. ഞാൻ ഉൾപ്പടെയുള്ള കുറച്ചു പേർ കാണുന്ന കാഴ്ച സിനിമ കഴിഞ്ഞു എന്ന് കരുതി പുറത്തേക്കു നടക്കുന്ന  കുറെ ആൾക്കാരെയാണ്. എന്നാൽ വീണ്ടും സിനിമ മുന്നോട്ടു നീങ്ങുന്നത് കണ്ടപ്പോൾ അവരിൽ പലരും കിട്ടിയ സീറ്റിൽ ഇരുന്നു. പിന്നീടാണ് ഫാസിൽ എന്ന പ്രതിഭയുടെ കയ്യൊപ്പു ചാർത്തിയ ആ climax സംഭവിക്കുന്നത്.  KPAC ലളിത, ശ്രീവിദ്യ എന്നീ രണ്ടു പ്രഗത്ഭരായ അഭിനേതാക്കൾക്ക് മാത്രം കഴിയുന്ന പ്രകടനം ആണ് കാണികൾ തരിച്ചിരുന്നു കണ്ടത്. ഞാൻ ഇന്നും വിശ്വസിക്കുന്നു, ആ ക്ലൈമാക്സ് ആണ് കഥയുടെ ജീവൻ ആയതും ഒപ്പം പ്രേക്ഷകരെ വിശ്വസിപ്പിക്കാൻ തക്ക അഭിനയം കാഴ്ച വെച്ച ആ രണ്ടു പേരും. 

ഒരു പൈങ്കിളി കഥ അനുഭവസമ്പത്തുള്ള അഭിനേതാക്കളുടെ കരുത്തിലും, മികച്ച പാട്ടുകളുടെ സഹായത്തിലും, ഗംഭീര ക്ലൈമാക്സിലൂടെയും ഫാസിൽ പറഞ്ഞു വെച്ചപ്പോൾ 'അനിയത്തിപ്രാവ്' മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. "പാഠമാണിത്, ഒരുപാട് മക്കൾക്കുള്ള ഒരു നല്ല പാഠം" - എന്നിങ്ങനെയുള്ള മികച്ച പരസ്യ വാചകങ്ങൾ കൂടി വന്നപ്പോൾ ചിത്രം മറ്റൊരു തലത്തിലേക്ക് ഉയർന്നു. ഈ സിനിമ  പതിനാറും, പന്ത്രണ്ടും, ഒൻപതും ഒക്കെ പ്രാവശ്യം കണ്ട സുഹൃത്തുക്കൾ ഉണ്ടായിരുന്നു എനിക്ക്. ശാലിനി - കുഞ്ചാക്കോ ബോബൻ ജോഡി പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി മാറി. കുഞ്ചാക്കോ ബോബൻ ഈ സിനിമയിൽ ഉപയോഗിച്ച  Hero Honda Splendor ഒരു തരംഗമായി മാറുന്ന കാഴ്ചയും അന്നത്തെ കൗമാരക്കാരായ ഞങ്ങൾ കണ്ടു. പിന്നീട് ഇത് തമിഴിലും, ഹിന്ദിയിലുമൊക്കെ remake ചെയ്യപ്പെട്ടു. 

ഇന്ന് ഈ സിനിമ കാണുമ്പോൾ പല രംഗങ്ങളും വളരെ ബാലിശമായി തോന്നാറുണ്ട് എന്നാലും എനിക്കും എൻ്റെ തലമുറക്കും "അനിയത്തിപ്രാവ്" സുഖമുള്ള ഒരു ഓർമയാണ്. പ്രണയം എന്ന ‘emotion’ എത്ര മനോഹരമാണെന്നു കാണിച്ചു തന്ന ചിത്രം, സൗഹൃദം എന്താണെന്നു മനസ്സിലാക്കി തന്ന ചിത്രം, ഒപ്പം എങ്ങനെ കാല്പനികമായി ചിന്തിക്കാം എന്ന് പഠിപ്പിച്ചു തന്ന ചിത്രം. ഈ സിനിമ ഇന്ന് ഇരുപത്തിയഞ്ചു വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ അന്നത്തെ കൗമാരക്കാരിലേറെയും നാൽപതു പിന്നിട്ടുണ്ടാകും. ഇന്നും "അനിയത്തിപ്രാവ്" ഞങ്ങൾക്ക് ‘nostalgic’ ആയി തുടരുന്നു.

 നന്ദി ഫാസിൽ സാർ, ഇങ്ങനെ ഒരു ചിത്രം സമ്മാനിച്ചതിന്... മിനിയും സുധിയും എക്കാലത്തും സ്മരിക്കപ്പെടട്ടെ, പ്രണയം എന്ന പുഴ എന്നും ഒഴുകിക്കൊണ്ടേ ഇരിക്കട്ടെ.... 

സ്നേഹപൂർവ്വം

 രഞ്ജിത്ത് കൃഷ്ണൻ

Comments
* The email will not be published on the website.