ഔദ്യോഗികമായി ജോലിയിൽ പ്രവേശിച്ച ശേഷം നടന്ന എല്ലാ പൊതുതെരഞ്ഞെടുപ്പുകളുടെയും ഭാഗമാകാനുള്ള ഭാഗ്യമുണ്ടായിട്ടുള്ള ഒരാളാണ് ഞാൻ. തീർത്തും അപ്രതീക്ഷിതമായി ആദ്യ വർഷം ഈ ജോലി ഏറ്റെടുക്കേണ്ടി വന്ന സമയത്ത് വല്ലാതെ അമർഷം തോന്നിയിരുന്നു. കൂടെയുള്ള പലർക്കും വന്നിട്ടില്ല, ചിലർ ഒഴിവാക്കിയെടുക്കുന്നു, ചിലർ ബുദ്ധിമുട്ടുകൾ പറയുന്നു (പലതും സത്യമാണ് താനും), മറ്റ് ചിലർ സഹതാപത്തോടെയും, ഗൂഢമായ ചിരിയോടെയും നോക്കുന്നു, ഇതൊക്കെ കണ്ടപ്പോൾ ഞാൻ ഇത്ര മാത്രം ഹതഭാഗ്യനാണല്ലോ എന്നോർത്തു. എന്നാൽ അന്നേ ഗവണ്മെന്റ് സർവീസിലുള്ള എന്റെ വിദ്യാർത്ഥിയായ അനിൽ എന്നോട് ഒരു കാര്യം പറഞ്ഞു. "സർ, ഇത് ജനങ്ങൾക്ക് വേണ്ടിയാണ്. ഒരു പക്ഷെ നമുക്ക് അവർക്കു ചെയ്തു കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം. ഇതിനെ അങ്ങനെ കണ്ടാൽ മതി". ഈ വാക്കുകൾ എനിക്കൊരു വലിയ പാഠമായിരുന്നു. പലരോടും ഞാനത് പിന്നീട് പറഞ്ഞിട്ടുമുണ്ട്. ബാലറ്റ് പേപ്പറുകളുടെ കാലത്ത് തുടങ്ങിയ ശേഷം ഇന്നേ വരെ വലിയ പരാതികൾ പറയാതെ തെരെഞ്ഞെടുപ്പ് ജോലികൾ ചെയ്യാൻ ശ്രമിച്ചിട്ടുമുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം.
ഡിസംബർ ഒൻപതാം തീയതി നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ജോലിയാണ് ഏറ്റവും അവസാനം ചെയ്തത്. അതിന്റെ ഭാഗമായി കണ്ട ചില കാഴ്ചകൾ എന്നെ വല്ലാതെ സ്വാധീനിച്ചു. അതിനെക്കുറിച്ചാണ് ഈ കുറിപ്പ്. ഇതിനോടൊപ്പം തന്നെ ധാരാളം തമാശകളും അബദ്ധങ്ങളുമൊക്കെ നടക്കാറുണ്ട്. അത് മറ്റൊരു കുറിപ്പായി എഴുതാൻ തല്ക്കാലം മാറ്റിവെക്കുന്നു. ഈ എഴുത്തിൽ തല്ക്കാലം വ്യക്തികളുടെ പേരുകളും സ്ഥലനാമങ്ങളും ഞാൻ ഒഴിവാക്കുന്നു, ചിലത് യാദൃച്ഛികമായി മാത്രം കയറി വരുന്നതായി മനസ്സിലാക്കാനും അപേക്ഷ. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം പോളിങ് സാമഗ്രികൾ ഏറ്റു വാങ്ങാനായി സെന്ററിൽ എത്തിയപ്പോഴാണ് ആദ്യ അദ്‌ഭുതം. 2010 ഇംഗ്ലീഷ് ബാച്ചിലെ വിദ്യാർത്ഥിയായ ആതിരയാണ് എന്നെ അവിടെ സ്വാഗതം ചെയ്തത്. പോളിങ് ടീമിനോടൊപ്പം എന്നെ ആതിര വേഗം കൗണ്ടറിലെത്തിച്ചു. ഒപ്പം അവിടുത്തെ ഉദ്യോഗസ്ഥരോട് "എന്റെ സാറാണ്... വേഗം കാര്യങ്ങൾ കൊടുത്തേക്കണെ" എന്നൊരു സ്നേഹാഭ്യർത്ഥനയും. നിമിഷങ്ങൾക്കുള്ളിൽ എല്ലാ സാധങ്ങളും ഞങ്ങളുടെ കൈയ്യിലെത്തി. പിന്നീട് സോഷ്യോളജി അദ്ധ്യാപികയായ രേഖശ്രീ ടീച്ചറെയും കൂട്ടി വീണ്ടും ആതിരയെക്കണ്ടു. അദ്ധ്യാപകർ എന്ന നിലയിൽ കിട്ടുന്ന 'privilege' ഞങ്ങൾ ഒരിക്കൽ കൂടി അനുഭവിച്ചറിഞ്ഞു. ഞങ്ങൾ രണ്ടാളുടെയും വിദ്യാർത്ഥിയായിരുന്ന പൊളിറ്റിക്കൽ സയൻസിൽ പഠിച്ച ശരത്തിനെയും അവിടെ വെച്ച് കാണാനും സംസാരിക്കാനും കഴിഞ്ഞത് മറ്റൊരു സന്തോഷം. അത് കഴിഞ്ഞു എക്കണോമിക്സ്, ഹിസ്റ്ററി, ബയോകെമിസ്ട്രി വിഭാഗങ്ങളിൽ പഠിച്ച വിദ്യാർത്ഥികൾ, അവരൊക്കെ അവിടെയുണ്ട് എന്നത് ഒരു ഊർജം തരുന്ന കാഴ്ചയായിരുന്നു. ഒപ്പം ഏറെ നാളുകൾക്ക് ശേഷം ഞാൻ ആദ്യം പ്രതിപാദിച്ച അനിലിനെ കാണാൻ കഴിഞ്ഞു എന്നുള്ളതും ഒരു നിയോഗം പോലെ തോന്നി.

ഏകദേശം ഒരു മണി കഴിഞ്ഞപ്പോൾ ഞങ്ങൾ ബൂത്തിലേക്കുള്ള യാത്ര ആരംഭിച്ചു. കൂടെയുണ്ടായിരുന്നത് 'റൂട്ട്' അത്ര നിശ്ചയമില്ലാത്ത 'റൂട്ട് ഓഫീസർ' ആയിരുന്നെങ്കിലും ഞങ്ങളുടെ ബസ് ഡ്രൈവർ വോട്ടിംഗ് നടക്കുന്ന സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായിരുന്നത്കൊണ്ട് വഴി തെറ്റാതെ അവിടെ എത്താൻ കഴിഞ്ഞു. തലേന്നും പിറ്റേന്നും എന്റെ അമ്മാവനും കുടുംബവും അടുത്തുണ്ടായിരുന്നത് കൊണ്ട് 'homely food' ഒക്കെ കഴിച്ച് സുഖമായിരിക്കാനുള്ള ഭാഗ്യമുണ്ടായി. തെരെഞ്ഞെടുപ്പ് നടക്കുന്ന ദിവസമാണ് മറക്കാൻ പറ്റാത്ത ചില കാഴ്ചകൾ സമ്മാനിച്ചത്. Presiding Officer എന്ന് പറയുന്ന ആൾ ഒരു നല്ല സംഘാടകനും ലീഡറും ആയിരിക്കണമെന്നാണ് സങ്കല്പം. ഒരു പക്ഷവും പിടിക്കാതെ വോട്ടിംഗ് പ്രക്രിയ സുഗമമാക്കേണ്ടത് അദ്ദേഹത്തിന്റെയും ടീമിന്റെയും ഉത്തരവാദിത്വമാണ്. ഇത് എനിക്ക് അറിയാമെങ്കിലും പലപ്പോഴും വരുന്ന വോട്ടർമാരെ ശ്രദ്ധിക്കുമ്പോൾ പല കാര്യങ്ങളും എനിക്ക് ഓർമ വരും. പ്രശസ്ത റഷ്യൻ നടൻ സ്റ്റാനിസ്ലാവ്സ്കി നടനെക്കുറിച്ച് പറഞ്ഞ ഒരു വരി പലപ്പോഴും എന്റെ ബോധത്തിലേക്ക് കടന്നു വരും, "never lose yourself on the stage" പക്ഷെ ചിലപ്പോഴെങ്കിലും ഇത് ഞാൻ മറന്നു പോകാറുണ്ട്. എന്റെ ആദ്യ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഒരു അമ്മൂമ്മ വോട്ട് ചെയ്യാനെത്തിയപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞൊഴുകി. കാരണം അവർക്ക് എന്റെ മരിച്ചു പോയ അമ്മൂമ്മയുടെ അതെ ഛായയായിരുന്നു. കണ്ണീരാരും കണ്ടില്ല എന്ന് കരുതിയപ്പോഴാണ് ഉച്ചക്ക് ഊണ് കഴിക്കുന്നതിനിടയിൽ പോളിങ് ഓഫീസറുടെ ചോദ്യം, "സാറെന്തിനാ ഇടയ്ക്കു കണ്ണ് തുടച്ചത്? കണ്ണിൽ പൊടി വീണിരുന്നോ"? എന്തോ ഉത്തരം പറഞ്ഞു അവിടെ നിന്ന് ഞാൻ തടിതപ്പി. ഇതേ കാര്യം പലപ്പോഴും ആവർത്തിച്ചിരുന്നു. ഇപ്രാവശ്യം എന്റെ ഒരു സുഹൃത്തിന്റെ അപരനായിരുന്നു എന്റെ കണ്മുന്നിൽ വോട്ട് ചെയ്തത്. പിന്നീട് വന്ന രണ്ടു മുത്തശ്ശിമാർ അന്നേരം വോട്ടർമാർ ഉള്ളത് കൊണ്ട് അവിടെയുള്ള ബെഞ്ചിൽ ഒന്ന് ഇരിക്കാൻ പറഞ്ഞു. അതൊരു സൗഹൃദം പുതുക്കലായി മാറുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. സ്നേഹവർത്തമാനങ്ങളും വിശേഷങ്ങളുമൊക്കെ പങ്കിട്ട് തോളിൽ തട്ടി ചിരിച്ചാണ് അവർ യാത്ര പറഞ്ഞു പോയത്. ഇനി ഒരു വോട്ടിംഗ് കൂടി കാണാൻ കഴിയുമോ എന്ന് ഉറപ്പില്ല മോനെ എന്ന് പറഞ്ഞു അതിൽ ഒരാൾ പടിയിറങ്ങിയപ്പോൾ എനിക്ക് പറയാനൊരു മറുപടി ഇല്ലായിരുന്നു. അടുത്തതായി അച്ഛനോടൊപ്പം തോളിലുണ്ടായിരുന്ന ദേവു എന്ന നാലുവയസ്സുകാരിയുടെ കാര്യമാണ്. ഒന്നാം പോളിങ് ഓഫീസർ ആയിരുന്ന ടീച്ചർ പേര് വിളിച്ചപ്പോൾ ദേവൂന്റെ പേര് കൂടി പറയണേ എന്നൊരാവശ്യം തോളത്തു നിന്നും വന്നു. ടീച്ചർ ഒട്ടും മടി കൂടാതെ "ദേവു കൂടിയുണ്ടേ" എന്ന് പറഞ്ഞപ്പോൾ ആ കുഞ്ഞിന്റെ മുഖത്ത് വിരിഞ്ഞ നാണവും സന്തോഷവും ഒരു കാഴ്ചയായിരുന്നു. അറുപത്തിയഞ്ച് വയസ്സിലധികം പ്രായം തോന്നുന്ന ഒരാൾ വോട്ട് ചെയ്തതിന് ശേഷം സന്തോഷത്തോടെ എനിക്ക് കൈ തരാനായി വന്നിരുന്നു. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ, "this is my first vote in Kerala and I'm so excited" എന്നുള്ള മറുപടിയാണ് ലഭിച്ചത്. വിരമിച്ച അദ്ധ്യാപികയായ മുത്തശ്ശിക്ക് അറിയേണ്ടിയിരുന്നത് എന്താണ് ഓരോ വോട്ടും ചെയ്ത് കഴിയുമ്പോൾ 'beep' ശബ്ദം കേൾക്കാത്തത് എന്നായിരുന്നു. അമ്മയോടൊപ്പം ബൂത്തിലേക്ക് ഓടിക്കയറിയ അഞ്ച് വയസ്സുകാരന് ഞാനും ഒരു വോട്ട് ചെയ്താലെന്താ എന്ന ഭാവമായിരുന്നു. വോട്ട് ചെയ്ത ഏറെപ്പേരും സ്നേഹത്തോടെ ഒരു പുഞ്ചിരി സമ്മാനിച്ചാണ് യാത്രയായത്. കാഴ്ചയുടെ പരിമിതിയുള്ളവരും മറ്റ് ബുദ്ധിമുട്ടുകൾ നേരിടുന്നവരുമൊക്കെ വോട്ട് ചെയ്തശേഷം ചാരിതാർഥ്യത്തോടെ ബൂത്ത് വിട്ടുപോകുന്ന കാഴ്ചയാണ് എനിക്കും ടീമിനും ലഭിച്ച ഏറ്റവും വലിയ സന്തോഷം. രാവിലെയുള്ളപോലെ തന്നെ ഉച്ചക്കും ആൾക്കാർ വരുമോ എന്ന ചോദ്യത്തിന് "വരും സാറെ" എന്ന മറുപടിയാണ് ഒരു ഏജന്റിൽ നിന്നും ലഭിച്ചത്. "ഉദാഹരണത്തിന് എന്റെ ഭാര്യ തന്നെ. അവളവിടെ വെറുതെ ഇരിക്കുകയാണ്. ഉച്ച കഴിയാൻ കാത്തിരിക്കുകയാണ്". പറഞ്ഞപോലെ തന്നെ അല്പം കഴിഞ്ഞപ്പോൾ അവരെത്തുകയും ചെയ്തു.

ഉച്ചക്ക് ശേഷം ആദ്യമായി വോട്ട് ചെയ്യുന്ന സന്തോഷം മുഖത്തു നിറച്ചു വെച്ച ഇരട്ടപെൺകുട്ടികൾ ഞങ്ങൾക്കൊരു കൗതുകമായിരുന്നു. ഒരേ വേഷവും ഒരേ ഭാവവും, 'identical' എന്ന് പറഞ്ഞാൽ ഇതാണ് എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. പിന്നീട് വിദേശത്തായിരുന്ന മകൾ കേരളത്തിലെ ആദ്യ വോട്ട് ചെയ്യാനെത്തിയപ്പോൾ ബാലറ്റ് യൂണിറ്റിലെ മലയാളം വായിക്കാൻ ബുദ്ധിമുട്ടിയപ്പോൾ അമ്മ എന്നോട് സാറൊരു 'suggestion' അടുത്ത തെരഞ്ഞെടുപ്പിന് മുമ്പായി നൽകണമെന്ന് പറഞ്ഞു. മലയാളത്തിനൊപ്പം ഇംഗ്ലീഷിലും പേരുകൾ നൽകിയാൽ നന്നാകും എന്നായിരുന്നു ആ അമ്മയുടെ അഭിപ്രായം. ബൂത്തിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ അവിടുത്തെ സ്ഥാനാർഥി "സാറെ, ഒരു നിമിഷം" എന്ന് പറഞ്ഞു വിളിച്ചു. ചെന്നപ്പോൾ ഫോൺ ഉയർത്തി കാണിച്ചുകൊണ്ട് പറഞ്ഞു "ഇതാണ് നമ്മുടെ ഇവിടുത്തെ സാറ്". ഞാൻ നോക്കിയപ്പോൾ അദ്ദേഹത്തിനെ വിദേശത്തുള്ള ഭാര്യയാണ് ഫോണിൽ. ഒരു "ഹായ്" പറഞ്ഞ ശേഷം ഞാൻ മടങ്ങി. ആറ് മണിയോട് കൂടി മറ്റൊരു തെരെഞ്ഞെടുപ്പ് ജോലി കൂടി വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു എന്ന് ഞാൻ മനസ്സിലാക്കി. അതിനു എന്റെ ടീമിലെ ഓരോരുത്തരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. 'Team work'-ന്റെ മൂല്യം ഒരിക്കൽ കൂടി ബോധ്യപ്പെട്ട ദിനമായി അത് മാറി. ഇത് പോലെയും ഇതിലധികവും കഥകൾ പറയാൻ 'election duty' ചെയ്ത ഓരോ ഉദ്യോഗസ്ഥർക്കും ഉണ്ടാകും കാരണം ഞങ്ങൾ കണ്ടത് ഒരു കൂട്ടം മനുഷ്യരുടെ ജീവിതമാണ്, അവരുടെ പ്രതീക്ഷകളാണ്, സ്വപ്നങ്ങളാണ്.

വോട്ടിംഗ് ഒരു പൗരന്റെ കടമയാണ്. വോട്ട് ചെയ്തവരിൽ ചെറുപ്പക്കാർ വളരെ കുറവായിരുന്നു എന്നത് ആശങ്കയുളവാക്കുന്ന ഒരു കാര്യമാണ്. ഇനിയുള്ള കാലങ്ങളിൽ അതിനൊരു മാറ്റം വരട്ടെ എന്ന് ആശിക്കുന്നു. ഒപ്പം ഇതിനായി അഹോരാത്രം പ്രവർത്തിച്ച, പ്രവർത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥരോടുമുള്ള സ്നേഹം അറിയിക്കുന്നു. ജനപ്രതിനിധികൾ ആകാൻ പോകുന്നവരോടും ഒരു വാക്ക്. ഇത് ഒരുപാട് പേരുടെ കഷ്ടപ്പാടിന്റെ ഫലമാണ്. രണ്ട് ദിവസത്തേക്കാണെങ്കിൽ പോലും ഊണും ഉറക്കവും നാടും വീടുമൊക്കെ ഉപേക്ഷിച്ച് വരുന്നവരുടെ പ്രയത്നത്തിന്റെ ഫലമാണ്. ബിഹാർ ഡ്യൂട്ടി കഴിഞ്ഞു നേരെ ശബരിമലയിലേക്കും പിന്നീട് ഞങ്ങളുടെ ബൂത്തിലേക്കും അന്ന് രാത്രി ഒരു യാത്ര പോലും നേരിൽ പറയാൻ കഴിയാതെ അടുത്ത ഡ്യൂട്ടിക്കായി കോഴിക്കോട്ടേക്ക് യാത്ര ചെയ്യേണ്ടി വന്ന കമാൻഡോയുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും ത്യാഗങ്ങളുടെയും ഫലമാണ്. എല്ലാറ്റിനുമുപരിയായി ജനങ്ങളുടെ ആഗ്രഹസാക്ഷാത്കാരത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ജനാധിപത്യത്തിന്റെ മൂല്യം കാക്കാൻ, മികച്ച ജനപ്രതിനിധികളായി നാടിനെ മുന്നോട്ട് നയിക്കാൻ ജയിച്ച് വരുന്ന എല്ലാവർക്കും കഴിയട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. ജനാധിപത്യം ഒരു പൊതു ഉത്തരവാദിത്തമാണെന്ന് തെരഞ്ഞെടുപ്പുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു ഒപ്പം അതിന് പിന്നിലെ നിശബ്ദശക്തി ആത്മാർത്ഥതയോടെ തങ്ങളുടെ കടമ നിർവഹിക്കുന്ന ഉദ്യോഗസ്ഥരുടെ അചഞ്ചലമായ സമർപ്പണമാണ്.
സ്നേഹപൂർവ്വം
രഞ്ജിത്ത് കൃഷ്ണൻ