26 Feb


1998-ൽ അത്ര ഇഷ്ടത്തോടെ അല്ല ഞാൻ MSM കോളേജിൽ BA English വിദ്യാർത്ഥിയായി admission എടുത്തത് കാരണം ഈ കോളേജിൽ പഠിക്കുക എന്നത് എൻ്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഇല്ലായിരുന്നു. ഒന്നാം വർഷത്തിൽ ഞാൻ കൂടുതൽ സമയവും ചെലവഴിച്ചത് ക്രിക്കറ്റ് ഗ്രൗണ്ടിലും ലൈബ്രറിയിലുമായിട്ടാണ് ഒപ്പം വല്ലപ്പോഴും ചില ക്ലാസ്സുകളിലും. ഏതാണ്ട് 25-ൽ കൂടുതൽ അദ്ധ്യാപകർ ഉണ്ടായിരുന്നു അന്ന് MSM-ലെ ഇംഗ്ലീഷ് വിഭാഗത്തിൽ. അത് കൊണ്ട് തന്നെ എല്ലാവരെയും ഞാൻ കണ്ടിട്ടില്ലായിരുന്നു, പേരുകളും അറിയില്ലായിരുന്നു. ഒന്നാം വർഷം അവസാനിക്കാറായപ്പോൾ ഇനി ഉഴപ്പിയാൽ മുന്നോട്ടുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് 'വേണ്ടപ്പെട്ടവർ' താക്കീത് തന്നപ്പോൾ നന്നാവാൻ ഞാനും തീരുമാനിച്ചു. എനിക്ക് ആ ക്ലാസ്സിൽ നിന്നും ലഭിച്ച ഒരു പറ്റം നല്ല സുഹൃത്തുക്കളും ഈ തീരുമാനത്തിന് കാരണമായി. അങ്ങനെ ഞാനും ക്ലാസ്സിൽ കയറുന്ന ഒരു വിദ്യാർത്ഥിയായി മാറി, പഠനത്തെ വീണ്ടും ഇഷ്ടപ്പെട്ടു തുടങ്ങി. 

അങ്ങനെ രണ്ടാം വർഷത്തിലേക്ക് ഞങ്ങൾ എത്തി. അക്കാലത്തു അവിടെ പഠിച്ചവർക്ക് അറിയാം, timetable-നു വലിയ പ്രസക്തി ഒന്നും ഇല്ല എന്ന്. മിക്കവാറും ദിവസങ്ങളിൽ പല കാരണങ്ങൾ കൊണ്ടും ക്ലാസ് ഉണ്ടാവില്ല, പിന്നെ എന്ത് timetable? എന്നാലും കൃത്യമായി ക്ലാസിലെത്തി മനോഹരമായി പഠിപ്പിക്കുന്ന എന്നെ സ്വാധീനിച്ച ഒരുപാടു അദ്ധ്യാപകരുണ്ട് അവിടെ. ഇതിനിടയിൽ ഒരു ദിവസം ഉച്ചക്ക് മുൻപുള്ള മൂന്നാമത്തെ hour-ൽ ഒരു അദ്ധ്യാപകൻ ആദ്യമായി ക്ലാസ്സിലേക്ക് വന്നു. സുമുഖൻ, പിറകിലേക്ക് ചീകി വെച്ച സമൃദ്ധമായ തലമുടി, കൗതുകം തോന്നിപ്പിക്കുന്ന കണ്ണട, മനോഹരമായ ശബ്ദം... ആദ്യ നിമിഷങ്ങളിൽ തന്നെ ഞങ്ങളെ സാഹിത്യത്തിൻ്റെ അദ്‌ഭുത ലോകത്തിലേക്ക് കൊണ്ട് പോയി അദ്ദേഹം. ഉപനിഷത്തുകളിൽ തുടങ്ങി, കാളിദാസൻ, ഷെയ്ക്സ്പിയർ, ഗൊയ്‌ഥെ  എന്നിവരിലൂടെ ആധുനിക സാഹിത്യം വരെയൊരു ഓട്ടപ്രദക്ഷിണം. “Don’t be afraid to start over. It’s a new chance to rebuild what you want” - ഇങ്ങനെയൊരു തിരിച്ചറിവിലേക്കാണ് എന്നെ അദ്ദേഹം ആ ഒരു മണിക്കൂറിൽ കൊണ്ട് പോയത്. തൻ്റെ വാക്കുകളിലൂടെ ഞങ്ങളെ എല്ലാവരെയും സാഹിത്യത്തോട് അടുപ്പിച്ചു, ഒപ്പം സ്നേഹിക്കാനും പഠിപ്പിച്ചു അദ്ദേഹം. ക്ലാസ്സ് കഴിയാനുള്ള ബെൽ അടിച്ചപ്പോൾ, അടുത്ത ആഴ്ച കാണാം എന്ന് പറഞ്ഞു ഇറങ്ങിയപ്പോഴും ഞങ്ങൾ കുറെപ്പേരുടെ മനസ്സിൽ ഒരു ചോദ്യം ബാക്കി നിന്നു. ആരാണ് ഈ സാർ? എന്താണ് പേര്? ഞങ്ങളുടെ classmate ആയ ലക്ഷ്മി ആണ് പറഞ്ഞത്…"നിങ്ങൾക്ക് അറിയില്ലേ? ഇതാണ് കോഴിശ്ശേരി രവീന്ദ്രനാഥ്, രവിസാർ എന്ന് എല്ലാവരും വിളിക്കും. എഴുത്തുകാരൻ, പ്രാസംഗികൻ, ഒക്കെ ആണ്". അന്ന് മനസ്സിൽ തോന്നിയ ഞെട്ടൽ, അദ്‌ഭുതം, ആരാധന ഈ നിമിഷം വരെയും എന്നെ വിട്ടു പോയിട്ടില്ല. പിന്നെയും അദ്ദേഹം പലവട്ടം എന്നെ ഞെട്ടിച്ചിട്ടുണ്ട്‌. ഇന്ന് രാവിലെയും ആ പതിവ് അദ്ദേഹം തെറ്റിച്ചില്ല. അദ്ദേഹത്തിൻ്റെ വിയോഗ വാർത്ത ഫോണിലേക്കു വന്നപ്പോൾ ഉണ്ടായ ഞെട്ടലിൽ നിന്നും ഇത് വരെ മോചിതനാകാൻ കഴിഞ്ഞിട്ടില്ല.  

അന്നത്തെ ക്ലാസ്സ്മുറിയിൽ തുടങ്ങിയ അടുപ്പം ഞാൻ സാറുമായി എന്നും സൂക്ഷിച്ചിരുന്നു. ഞാൻ പള്ളിക്കൽ എന്ന സ്ഥലത്തു നിന്നുമാണ് വരുന്നത് എന്നറിഞ്ഞപ്പോൾ സാർ എന്നോട് കൂടുതൽ കുശലം ചോദിച്ചു. പള്ളിക്കൽ സുനിലിൻ്റെ വീടിനടുത്തണോ? ഉണ്ണിത്താൻസാറിനെ അറിയുമോ? ഇതിൻ്റെ ഒക്കെ ഉത്തരങ്ങൾ സാറിന് എന്നോടുള്ള അടുപ്പം വർദ്ധിപ്പിച്ചു. "സൈന്യം" എന്ന സിനിമയിലെ "ബാഗി ജീൻസും ഷൂസുമണിഞ്ഞു ടൗണിൽ ചെത്തി നടക്കാൻ" എന്ന പാട്ടിനെ കുറിച്ച് ഉദാഹരണമായി സാർ ക്ലാസ്സിൽ പറഞ്ഞപ്പോൾ ഇങ്ങനെയുമൊക്കെ സാഹിത്യം പഠിപ്പിക്കാൻ കഴിയും എന്ന് ഞങ്ങൾ ഓരോരുത്തരും തിരിച്ചറിയുകയായിരുന്നു. എന്തോ ഒരു അഭിപ്രായം പറഞ്ഞപ്പോൾ, ആ പാട്ടെനിക്കൊന്നു എടുത്ത് തരുമോ എന്ന് സാർ ചോദിച്ചു. Music shops ധാരാളം ഉള്ള അക്കാലത്തു ഞാൻ നാട്ടിലെ കടയിൽ ചെന്ന് ഈ ഗാനം ഒരു കാസെറ്റിലാക്കി സാറിന് നൽകി. William Henry Hudson എഴുതിയ ‘An Introduction to the Study of Literature’ എന്ന text- ൻ്റെ ഒരു ഭാഗം ആണ് സാർ ആ വർഷം പഠിപ്പിച്ചത്. എന്നെ ഒരു സാഹിത്യ വിദ്യാർത്ഥി ആയി രൂപപ്പെടുത്താൻ ഏറെ സഹായിച്ചത് ആ ക്ലാസ്സുകളും, സാർ ക്ലാസ്സിൽ പറഞ്ഞു തന്ന കുറിപ്പുകളും ആണ്. അതിലൂടെ ബാക്കി ക്ലാസുകൾ ഞാൻ കൂടുതൽ ആസ്വദിച്ച് തുടങ്ങി. അദ്ദേഹത്തിനായി ഞങ്ങൾ പലപ്പോഴും കാത്തിരുന്നു. ഞങ്ങളുടെ ക്ലാസ്സിൽ നന്നായി പാടുന്ന ശ്രീനയെകൊണ്ട് "സൂര്യകാന്തി, സൂര്യകാന്തി..." എന്ന പഴയ ഗാനം പാടിച്ചത് ഇന്നും ഓർമയിലുണ്ട്. സിനിമ, സാഹിത്യം, ആനുകാലികവിഷയങ്ങൾ, എല്ലാം രവിസാറിൻ്റെ ക്ലാസ്സുകളിൽ നിറഞ്ഞു. 

ക്ലാസ്സിനോടൊപ്പംതന്നെ എന്നെയും സുഹൃത്തുക്കളായ ഹരി, സുനിൽ, റോബി, അൽഹാഷ്‌ എന്നിവരെയൊക്കെ അദ്‌ഭുതപ്പെടുത്തിയിരുന്നത് രണ്ട് കാര്യങ്ങൾ ആണ്. വിരലിൽ കിടന്ന നവര്തന മോതിരവും, സാറിൻ്റെ ചീകിയാൽ “അങ്ങനെ” ഇരിക്കുന്ന തലമുടിയുമാണ്. എണ്ണയാണ് അതിൻ്റെ രഹസ്യമെന്ന് ഒരു വിഭാഗവും അതല്ല ‘Brylcreem’ ആണ് കാരണമെന്നു മറ്റൊരു വിഭാഗവും അവകാശപ്പെട്ടു. ഒരു ദിവസം ധൈര്യം സംഭരിച്ചു ഞങ്ങൾ ഈ സംശയം സാറിനോട് തന്നെ ചോദിച്ചു. ഒരു പക്ഷെ ഒരുപാടു പേര് ചോദിച്ചിട്ടുള്ള ചോദ്യം ആയതിനാലാകും വളരെ സന്തോഷത്തോടെ സാർ മറുപടി പറഞ്ഞു, "നല്ല ശുദ്ധമായ വെളിച്ചെണ്ണ"... ഒപ്പം മറ്റെന്തൊക്കെയോ ഗുണങ്ങളും. 

2000 എന്ന വർഷത്തിൽ കോളേജ് പുതിയ നൂറ്റാണ്ടിനെ വരവേൽക്കാനായി ഒരു യാത്ര "യാനം" എന്ന പേരിൽ നടത്തിയപ്പോൾ അതിനു ഗാനമെഴുതിയതും സാറാണ്. ഡിഗ്രിയുടെ മൂന്നാം വർഷത്തിൽ രവിസാർ എത്തിയത് John Osborne എഴുതിയ “Look Back in Anger” എന്ന നാടകവുമായാണ്. അല്പം മാത്രമേ പഠിപ്പിച്ചുള്ളു എങ്കിലും ആ നാടകം ഇന്നും ഞാൻ ഓർക്കുന്നെങ്കിൽ അതിൻ്റെ സാരാംശം മനസ്സിലാക്കി തരാൻ സാറിന് കഴിഞ്ഞത് കൊണ്ടാണ്.   അതിലെ കഥാപാത്രമായ ജിമ്മി പോർട്ടർ പറയുന്ന “Let's pretend that we're human beings, and that we're actually alive” സാറിൻ്റെ ശബ്ദത്തിൽ പലവട്ടം കേൾക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.  BA കഴിഞ്ഞു MA-ക്ക് മറ്റൊരു കോളേജിൽ പോയപ്പോഴും സാറുമായുള്ള ബന്ധം തുടരാൻ കഴിഞ്ഞിരുന്നു. 

പിന്നീട് സാറിനെ ഏറ്റവും കൂടുതൽ കണ്ടിരുന്നത് നാട്ടിലെ ക്ലബ്ബിലെ എല്ലാ വർഷവും നടക്കുന്ന ഓണാഘോഷപരിപാടിയിൽ പ്രാസംഗികനായിട്ടാണ്. പൊതുയോഗം തുടങ്ങാൻ വൈകുമ്പോൾ സാർ എന്നോട് കഥകൾ പറഞ്ഞു കൊണ്ടേ ഇരിക്കും. എനിക്ക് കിട്ടിയ ഒരു 'privilege' ആയിട്ടാണ് ഞാൻ അതിനെ എന്നും കണ്ടിരുന്നത്. യോഗത്തിൽ പ്രസംഗിക്കുമ്പോൾ T.S. Eliot-ഉം, Samuel Beckett-ഉം ഒക്കെ കടന്നു വന്നിരുന്നത് എനിക്ക് വേണ്ടിയായിരുന്നു എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു. സാർ വിവർത്തനം ചെയ്തിട്ടുള്ള ഒട്ടനവധി കൃതികൾ, പ്രത്യേകിച്ചും ടാഗോറിൻ്റെ കവിതകൾ എക്കാലവും വായനക്കാർക്ക് അനുഭൂതി സമ്മാനിക്കുന്നതാണ്. 

"Lyrical Ballads"- എന്ന കൃതിയെ "ഭാവാത്മക സരളഗീതങ്ങൾ" എന്ന് മാറ്റിയ സാറിൻ്റെ  വൈഭവത്തെ ആശ്ചര്യത്തോടെ മാത്രമേ നമുക്ക് കാണാൻ കഴിയു. ‘History of English Literature’ ഒരു ലിറ്റിൽ മാഗസിന് വേണ്ടി അദ്ദേഹം വിവർത്തനം ചെയ്ത് ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചിട്ടുണ്ട്. പലപ്പോഴും കാണുമ്പോൾ, സാറിന് അതൊരു പുസ്തകം ആക്കിക്കൂടെ എന്ന് ചോദിക്കുമ്പോൾ "വേണം, പക്ഷെ പല കുറിപ്പുകളും ഇപ്പോൾ കാണുന്നില്ല രഞ്ജിത്തേ" എന്ന മറുപടിയാണ് കിട്ടിയിട്ടുള്ളത്. വീടിനു മുൻപിലൂടെ പോകുമ്പോൾ പലപ്പോഴും എന്നെത്തേടി സാറെത്തിയിരുന്നു, സ്കൂട്ടറിൽ നിറഞ്ഞ ചിരിയോടെ അല്ലെങ്കിൽ കൈ നിറയെ പുസ്തകങ്ങളുമായി. സ്വന്തം വിദ്യാർത്ഥികളെ    തേടിച്ചെന്നിരുന്ന അദ്ധ്യാപകൻ ആയിരുന്നു രവിസാർ. രാജിയുടെ കയ്യിൽ നിന്നും ചായയോ, മോരും വെള്ളമോ കുടിച്ചതിനു ശേഷം, എൻ്റെ മോള് അച്ചുവിനോട് കഥയും പറഞ്ഞായിരുന്നു പലപ്പോഴും മടക്കം. 

ചില കഥകൾ കേട്ടപ്പോഴും, ചില അനുഭവങ്ങൾ ഉണ്ടായപ്പോഴും സാറെങ്ങനെ അതിലൊക്കെ ചെന്ന് പെട്ടു എന്ന് സംശയിച്ചിട്ടുണ്ട്. ഒരു പക്ഷെ സാർ തന്നെ പറയുംപോലെ "For such as we are made of, such we be" - അത് അങ്ങനെ തന്നെ വേണമായിരുന്നിരിക്കും.

MSM കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ആയിരുന്നപ്പോഴും, പിന്നീട് അവിടെ BA English പഠിച്ച മകളുടെ  അച്ഛൻ ആയപ്പോഴും, പല സ്ഥലങ്ങളിലും work ചെയ്തപ്പോഴും സാർ പലപ്പോഴും വിളിക്കാറുണ്ടായിരുന്നു. സാറിൻ്റെ   വീട്ടിലെ എല്ലാ ചടങ്ങുകളിലും എന്നെയും കുടുംബത്തെയും കൂടി കൂട്ടാറുണ്ടായിരുന്നു. കഴിഞ്ഞ വർഷം എനിക്ക് അമ്മയെ നഷ്ടപ്പെട്ടപ്പോഴും ആശ്വാസ വാക്കുകളുമായി സാർ ഓടിയെത്തിയിരുന്നു. പുതിയ തലമുറക്കാരായ  അഖിൽ, വിഷ്ണുപ്രിയ, ശ്രീരാജ്, അങ്ങനെ പലരിലൂടെയും സാർ എന്നിൽ നിറഞ്ഞു നിന്നിരുന്നു. 

രണ്ടാഴ്ച മുൻപ് നാട്ടിലെ വായനശാലയുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് സാർ വരുന്നു എന്നറിഞ്ഞിരുന്നു എന്നാൽ അന്ന് ഞങ്ങൾ സ്ഥലത്തു ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. സാറിൻ്റെ  വിയോഗം സഹിക്കാൻ കഴിയുന്ന ഒന്നല്ല. മുൻപൊരിക്കൽ പറഞ്ഞപോലെ പ്രിയപ്പെട്ടവരെക്കുറിച്ച്‌ എഴുതുമ്പോൾ അറിയാതെ എഴുത്തിന് നീളം കൂടും. ഈ എഴുതിയതിനുമൊക്കെ ഉയരെയാണ് രവിസാർ. ഇത് സാറിൻ്റെ  അനേകം വിദ്യാർത്ഥികളിൽ ഒരുവനായ എൻ്റെ തീർത്തും "subjective" ആയ ചില സ്മരണകൾ മാത്രമാണ് ഈ കുറിപ്പ്. സാറിനെക്കുറിച്ചുള്ള ഓർമകൾക്ക് മരണമില്ല...അദ്ദേഹത്തിൻ്റെ വിദ്യാർത്ഥികളിലൂടെ, പുസ്തകങ്ങളിലൂടെ, ഗംഭീരമായ ശബ്ദത്തിലൂടെ, പ്രസംഗങ്ങളിലൂടെ കോഴിശ്ശേരി രവീന്ദ്രനാഥ് അനശ്വരനായി നിൽക്കും. സാറിൻ്റെ തന്നെ പ്രിയപ്പെട്ട ഒരു Shakespeare വരി പറഞ്ഞു അവസാനിപ്പിക്കട്ടെ..."Age cannot wither her, nor custom stale...Her infinite variety".  Sir, we'll definitely miss you forever…

സ്നേഹപൂർവ്വം
രഞ്ജിത്ത് കൃഷ്ണൻ


Comments
* The email will not be published on the website.