
ഏകദേശം 36 വർഷങ്ങൾക്ക് മുമ്പ് തൊട്ടപ്പുറത്തുള്ള വല്യച്ഛന്റെ വീടായ ചന്ദ്രഗിരിക്ക് കിഴക്ക് വശത്തുള്ള വയലിലാണ് കുട്ടിയായ ഞാൻ ക്രിക്കറ്റ് കളിച്ച് തുടങ്ങുന്നത്. അന്ന് എനിക്ക് ഈ നാട്ടിൽ സുഹൃത്തുക്കൾ എന്ന് പറയാൻ അധികം ആരുമില്ല. കൃഷ്ണകുമാർ ചേട്ടനും ഞാനും കൂടി സ്റ്റമ്പും ബാറ്റും ബോളുമൊക്കെയായി എല്ലാ വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലുമൊക്കെ ക്രിക്കറ്റ് കളിക്കാനായി ഇറങ്ങുമായിരുന്നു. അല്പ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ കളിക്കുന്നത് കാണാനായി എന്നേക്കാൾ ചെറിയ ഒരു കുട്ടി വരികയും പിന്നീട് miss ചെയ്യുന്ന ബോളുകൾ എടുത്ത് തരാൻ ആരംഭിക്കുകയും ചെയ്തു. ചോദിച്ചപ്പോൾ സന്തോഷ് എന്നാണ് പേര് പറഞ്ഞത്. ഞങ്ങൾ കളിക്കുന്നത് കാണാൻ വല്ലപ്പോഴും എത്തിയിരുന്ന അപ്പച്ചി പറഞ്ഞു, "മോനറിയില്ലേ, നമ്മുടെ അപ്പുറത്ത് താമസിക്കുന്ന തങ്കപ്പന്റെയും വത്സലയുടെയും മകനാണ് സന്തോഷ്". അതൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു. പിന്നീട് മനു ഞങ്ങളോടൊപ്പം എത്തി. അങ്ങനെ പതുക്കെ ആ സൗഹൃദവലയം വളരാൻ തുടങ്ങി.
സന്തോഷുമായുള്ള സൗഹൃദം വളരെ special ആയിരുന്നു. "രഞ്ജിത്ത് അണ്ണാ" അല്ലെങ്കിൽ "അണ്ണാ" എന്നൊക്കെയുള്ള വിളികളിലൂടെ ഞങ്ങളുടെ ബന്ധം ദൃഡമായി. പഠിക്കാൻ മിടുക്കനായിരുന്ന സന്തോഷിന് ക്രിക്കറ്റിനോടും സിനിമ പാട്ടുകളോടും ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. അന്നത്തെക്കാലത്ത് ഓഡിയോ കാസെറ്റുകൾ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൈമാറിയിരുന്നു. ഞാൻ പലപ്പോഴും original audio വാങ്ങിയപ്പോൾ സന്തോഷ് ഇഷ്ടമുള്ള പാട്ടുകൾ മാത്രം തിരഞ്ഞ് പിടിച്ച് record ചെയ്യിപ്പിച്ച് കാസെറ്റുകൾ വാങ്ങിയിരുന്നു. ഇഷ്ടമുള്ള പാട്ടുകൾ മാത്രം കേൾക്കുക എന്നുള്ളത് അന്ന് എനിക്ക് അദ്‌ഭുതമായി തോന്നിയിരുന്നു. പത്രങ്ങളും ആനുകാലികങ്ങളും കൃത്യമായി വായിച്ചിരുന്ന സന്തോഷ് ഉറക്കെ അല്ലെങ്കിലും തന്റേതായ അഭിപ്രായങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു.
എന്റെ ഓർമ ശരിയാണെങ്കിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കൃഷ്ണപുരത്തേക്ക് സന്തോഷിന്റെ പഠനം മാറി. അപ്പോഴും ഞങ്ങൾ തമ്മിലുള്ള സ്നേഹത്തിനും ക്രിക്കറ്റിനോടുള്ള ഇഷ്ടത്തിനും യാതൊരു കുറവും ഉണ്ടായിരുന്നില്ല. പലപ്പോഴും ഒരുമിച്ച് സിനിമകൾ കാണാൻ മാവേലിക്കരയിൽ പോകുന്ന കാലം. എവിടെ ക്രിക്കറ്റ് ഉണ്ടെങ്കിലും അത് കാണാനും കളിക്കാനും പോയിരുന്ന കാലം. ഒരു പക്ഷെ സന്തോഷിന് എന്നോടുള്ള അടുപ്പം കൊണ്ടാകണം അച്ഛൻ തങ്കപ്പനും എന്നോട് എന്നും ഒരു പ്രത്യേക സ്നേഹം കാണിച്ചിരുന്നു. ഇന്നും ആ അടുപ്പം അങ്ങനെ തന്നെ തുടരുന്നു. പിന്നീട് ഞാൻ ഡിഗ്രി വിദ്യാഭ്യാസ കാലത്തിലേക്ക് കടന്നപ്പോൾ സന്തോഷിനെ കാണുന്നത് KCT ബസ്സിലെ ജീവനക്കാരനായിട്ടാണ്. കാണുമ്പോഴൊക്കെയും "അണ്ണാ, എവിടെ പോയി? കോളേജിൽ നിന്നാണോ വരുന്നത്?" എന്നൊക്കെയുള്ള ചോദ്യങ്ങളിൽ പലപ്പോഴും ഞങ്ങൾ ബന്ധം പുതുക്കിയിരുന്നു. എല്ലാവരും ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് മാറിയപ്പോൾ വല്ലപ്പോഴും മാത്രം തമ്മിൽ കാണുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. പിന്നീട് നാട്ടിലെ ദേശാഭിമാനി ക്ലബ്ബിന്റെ മുഖ്യ സാരഥിയായും, നേതൃത്വഗുണമുള്ള വ്യക്തിയായും, നല്ല പ്രാസംഗികനായും, സംഘാടകനായും സന്തോഷ് മാറുന്ന കാഴ്ച അല്പം അകലെ നിന്നായാലും ഞാൻ സന്തോഷത്തോടെ കണ്ടിരുന്നു. ഇതോടൊപ്പം എന്നെ അദ്‌ഭുതപ്പെടുത്തിയ മറ്റൊരു കാര്യം, സന്തോഷ് കുത്തിയോട്ടച്ചുവട് പഠിപ്പിക്കുന്ന ആശാനായി മാറിയെന്നതായിരുന്നു. സംഗീതം കുട്ടിക്കാലം മുതൽ ഒപ്പമുണ്ടായിരുന്നതിനാൽ വളരെ വേഗം അവിടെയും സന്തോഷിന് തിളങ്ങാൻ കഴിഞ്ഞു. ശിഷ്യഗണങ്ങളുടെ ഒരു വലിയ നിര സമ്പാദിക്കാനും സന്തോഷിന് സാധിച്ചിട്ടുണ്ട്.
ക്രിക്കറ്റിനും ഞങ്ങളുടെ ബന്ധത്തിനും ഒരു ചെറിയ ഇടവേള സംഭവിച്ചെങ്കിലും 2019 മുതൽ അതെല്ലാം വേഗം പഴയപോലെ ആയി. സുബ്രഹ്മണ്യനും (കുട്ടൻ), വിനോദും, ബിനുവും, മനുവുമൊക്കെ ചേർന്ന് കുറെ വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് കളി ഞങ്ങളുടെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നു. പിച്ച് ഉണ്ടാക്കാനും, ഗ്രൗണ്ട് വൃത്തിയാക്കാനും, ബാറ്റും ബോളുമൊക്കെ മേടിക്കാനും സന്തോഷ് ഉൾപ്പടെയുള്ളവർ ഒരുമിച്ചെത്തി. പ്രത്യേക സ്റ്റൈലിൽ വളരെ easy ആയി തോന്നിക്കുന്ന 'bowling action' ഉണ്ടായിരുന്ന സന്തോഷിന് Pollock (സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് താരം) എന്ന വിളിപ്പേരും ലഭിച്ചു. മികച്ച ബൗളർ ആയിരുന്ന സന്തോഷ് leg-side-ലേക്ക് മനോഹരമായി ഷോട്ടുകൾ കളിക്കുന്ന ബാറ്റർ കൂടിയായിരുന്നു. പിന്നീടങ്ങോട്ട് കോവിഡ് കാലമുൾപ്പടെ ഞങ്ങൾ ഒരുമിച്ചായിരുന്നു എപ്പോഴും. ഇടക്കെപ്പോഴോ സന്തോഷിന് കോവിഡ് വന്നപ്പോഴും "അണ്ണാ, കളി നടക്കട്ടെ...ഞാൻ ഇത് മാറിയാൽ എത്തിക്കൊള്ളാം" എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞു. ഞാൻ കണ്ട ആ പഴയ സന്തോഷിൽ നിന്നും ഒരുപാട് മാറിയിരുന്നുവെങ്കിലും ആ സ്നേഹത്തിനും "അണ്ണാ" എന്ന വിളിക്കും ഒരു മാറ്റവുമില്ലായിരുന്നു. ക്ലബ്ബിലേക്ക് ബിനുവും സന്തോഷും കൂടി ഒരു TV ആവശ്യപ്പെട്ടപ്പോൾ ഇവിടെ ഉണ്ടായിരുന്ന ഒന്ന് നൽകിയപ്പോൾ അന്ന് വൈകുന്നേരം, "അണ്ണാ, ഒരുപാട് സന്തോഷം. ആ TV-യിൽ കണ്ട ആദ്യ കളിയിൽ തന്നെ ഇന്ത്യ ജയിച്ചു. എത്ര matches നമ്മൾ ഒരുമിച്ച് കണ്ടതാണ്. ഞാൻ ഇത് ഗ്രുപ്പിൽ post ചെയ്യട്ടെ?" എന്ന് ചോദിച്ചുകൊണ്ടുള്ള message ഇന്നും ഞാൻ save ചെയ്ത് വെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഓണക്കാലത്ത് ക്ലബ് നടത്തിയ നാടകത്തിലെ വേഷവും ഗംഭീരമാക്കി സന്തോഷ്.

കഴിഞ്ഞ കുറെ മാസങ്ങളായി ഞായറാഴ്ചകളിൽ ഉള്ള ക്രിക്കറ്റ് കളിയിൽ സന്തോഷ് കൃത്യമായി വരാറില്ലായിരുന്നു. എന്താണ് കാണാത്തത് എന്ന് ചോദിച്ചപ്പോൾ "ഒന്നുമില്ല അണ്ണാ, ചെറിയ പ്രശ്ങ്ങൾ, മാത്രമല്ല മിക്കവാറും ദിവസങ്ങളിൽ കുത്തിയോട്ടവും ഉണ്ട്". അവസാനമായി ഒരു ഞായറാഴ്ച എത്തിയപ്പോൾ തമാശയായി "നീ retire ചെയ്തോ? ഇടക്കെങ്കിലും വന്നൂടെ?" എന്ന് ചോദിച്ചപ്പോൾ "അണ്ണാ, അത്ര സുഖമില്ല. നടുവിനുമൊക്കെ അല്പം പ്രശ്നങ്ങളുമുണ്ട്" എന്ന് പറഞ്ഞു. "പറ്റുമ്പോഴൊക്കെ വരാൻ നോക്കൂ" എന്ന് ഞാനും പറഞ്ഞു. രണ്ട് ദിവസങ്ങൾക്ക് മുമ്പ് സന്തോഷ് hospitalized ആയി എന്നറിഞ്ഞപ്പോൾ ആരോഗ്യത്തോടെ തിരികെ വരാൻ കഴിയണേ എന്നൊരു പ്രാർത്ഥന മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്നലെ ഉച്ചയോടെ ഇനി ഒരു മടങ്ങി വരവ് ഇല്ല എന്ന് സുഹൃത്തായ രഞ്ജിത്ത് അറിയിച്ചപ്പോൾ ഒരുപാട് ഓർമ്മകൾ മനസ്സിലൂടെ കടന്ന് പോയി. മോർച്ചറിയിലേക്ക് മാറ്റുന്ന സമയത്ത് ആ ചേതനയറ്റ ശരീരത്തിലേക്ക് എനിക്ക് ഒരിക്കൽ മാത്രമേ നോക്കാൻ കഴിഞ്ഞുള്ളു. ഞങ്ങൾ സുഹൃത്തുക്കൾക്ക് ഇപ്പോൾ ഏറ്റവും പ്രിയപ്പെട്ട ദിവസം ഞായറാഴ്ചയാണ് കാരണം അന്നാണ് ക്രിക്കറ്റ് കളിയ്ക്കാൻ ഒരുമിച്ച് കൂടുന്നത്. ആ ദിവസം തന്നെ സന്തോഷേ നിന്റെ മടക്കയാത്രയ്ക്ക് നീ തിരഞ്ഞെടുത്തത് ഒട്ടും യാദൃച്ഛികമല്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

വിഖ്യാത നാടകകൃത്ത് വില്യം ഷേക്സ്പിയർ എഴുതിയത് പോലെ, "വികൃതികളായ കുട്ടികളുടെ കൈയ്യിലകപ്പെടുന്ന പ്രാണികളെപ്പോലെയാണ് ദേവന്മാർക്ക് നമ്മൾ മനുഷ്യർ; അവർ തങ്ങളുടെ വിനോദത്തിനായി നമ്മളെ കൊല്ലുന്നു". എല്ലാ വിഷമങ്ങളും മറന്ന് ഈ ലോകത്ത് നിന്ന് നീ യാത്രയായിരിക്കുന്നു. "അണ്ണാ" എന്ന വിളി മാത്രം ബാക്കിയാക്കി അത് ഇത്ര നേരത്തെ വേണമായിരുന്നോ എന്ന് ആലോചിക്കുമ്പോൾ ഒരു വേദന. ഓർമയുള്ളടത്തോളം കാലം സന്തോഷേ നീ ഞങ്ങളോടൊപ്പം ഉണ്ടാകും....Rest in peace dear....