
ഇന്ത്യൻ വനിതകളുടെ ലോകകപ്പ് വിജയാഹ്ലാദ നിമിഷങ്ങളിൽ ഏറ്റവും സന്തോഷം തോന്നിയ മൂന്ന് ചിത്രങ്ങളാണിത്....പതിനെട്ട് വർഷങ്ങൾ രാജ്യത്തിന് വേണ്ടി കളിച്ച അഞ്ചും ചോപ്ര, ആദ്യമായി 1000 റൺസ് നേടിയ ഇന്ത്യൻ വനിതാക്രിക്കറ്റർ കൂടിയാണ്. പിന്നീടുള്ളത് ജൂലൻ ഗോസ്വാമി എന്ന 'മീഡിയം ഫാസ്റ്റ് ബൗളർ'. 'വനിതകളുടെ ക്രിക്കറ്റിലെ കപിൽ ദേവ്' എന്നറിയപ്പെട്ടിരുന്ന ജൂലൻ, വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമാണ്. അടുത്തത് ഇന്ത്യൻ ക്രിക്കറ്റിലെ 'ലേഡി ടെൻഡുൽക്കർ' എന്ന് വിളിപ്പേരുള്ള മുൻ ക്യാപ്റ്റൻ കൂടിയായ മിതാലി രാജ് ആണ്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസിന്റെ റെക്കോർഡ് മിതാലിയുടെ പേരിലാണ്. 2005-ലും 2017-ലും മിതാലിയുടെ നേതൃത്വത്തിൽ ഫൈനൽ കളിച്ച ഇന്ത്യക്ക് കപ്പ് നേടാൻ കഴിയാതെ പോയി. ഡയാന എഡുൽജിയും സന്ധ്യ മജുംദാറും അഞ്ജലി ശർമയും സന്ധ്യ അഗർവാളുമൊക്കെ കണ്ട സ്വപ്നം ഹർമൻപ്രീത് കൗറിനും സംഘത്തിനും പൂർത്തീകരിക്കാൻ കഴിഞ്ഞു എന്നുള്ളത് കാലത്തിന്റെ നിയോഗമാകാം. ഒരു പുരുഷ ക്രിക്കറ്ററുടെയും പേരിലല്ലാതെ സ്വന്തം വ്യക്തിത്വം സ്ഥാപിച്ച ഒരു തലമുറയുടെ വിജയം ഒപ്പം തങ്ങൾക്ക് മുൻപേ കടന്നു പോയവരോടുള്ള കടമയും ബഹുമാനവും സ്നേഹവും... അഞ്ചും ചോപ്രയും ജൂലൻ ഗോസ്വാമിയും മിതാലി രാജുമൊക്കെ ഇന്നലെ ഇന്ത്യയുടെ വിജയനിമിഷത്തിൽ ആനന്ദാശ്രുക്കൾ പൊഴിച്ചപ്പോൾ, അഭിമാനത്തോടെ ഒരിക്കൽ നേടാൻ കഴിയാതെ പോയ കപ്പ് ഉയർത്തിപ്പിടിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. നിങ്ങൾ നടന്നു തീർത്ത വഴിത്താരകളിലൂടെയാണ് ഇന്നത്തെ താരങ്ങളുടെ പുതിയ യാത്ര. ചെറുഗ്രാമങ്ങളിൽ നിന്ന് പോലും ഇന്ന് വനിതകൾ ക്രിക്കറ്റ് താരങ്ങൾ ആകുന്നുണ്ടെകിൽ അതിന് കാരണം നിങ്ങളെല്ലാവരുമാണ്. പ്രശസ്ത എഴുത്തുകാരി ലെസ്ലി റ്റി. ചാങ് ഒരിക്കൽ സൂചിപ്പിച്ചത് പോലെ, "The past has been there all along, reminding us: This time--maybe, hopefully, against all odds, we will get it right" (ഭൂതകാലം എല്ലായ്‌പ്പോഴും ഉണ്ടായിരുന്നു, അത് നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടേ ഇരുന്നു; ഒരു പക്ഷെ ഈ അവസരത്തിൽ എല്ലാ സാധ്യതകൾക്കും വിരുദ്ധമായി, നമ്മൾ അത് ശരിയാക്കുമെന്ന് പ്രതീക്ഷിക്കാം)....

ഇന്ത്യൻ വനിതാക്രിക്കറ്റിന് ഇനിയും ഏറെ ദൂരം മുന്നേറാൻ കഴിയട്ടെ. ഹർമൻപ്രീത് കൗറിനും സ്‌മൃതി മന്ധനക്കും ദീപ്തിയ്ക്കും ജെമിമയ്ക്കുമൊക്കെ പുതിയ തലമുറയ്ക്ക് ഊർജം പകരാൻ കഴിയട്ടെ....congratulations Team India
സ്നേഹപൂർവ്വം
രഞ്ജിത്ത് കൃഷ്ണൻ